ദേശീയപാത 544: അന്താരാഷ്്ട്ര നിലവാരം പേരില്‍ മാത്രം

തൃശൂര്‍: രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്നുവെന്ന് അവകാശപ്പെടുന്ന ദേശീയപാത 544​െൻറ വികസനത്തില്‍ ഗുരുതര സുരക്ഷ പാളിച്ച. ഉപയോഗിക്കും മുമ്പേ പാതക്കുണ്ടായ തകര്‍ച്ചയും മലയോര മേഖലയിലെ മണ്ണിടിച്ചിലും പെരുമഴയിലുണ്ടായ പ്രതിഭാസമാണെങ്കിലും ഇത് നിര്‍മാണക്കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. മലയോര മേഖലയില്‍ പ്രധാന പാതയിലേക്കുവരെ മണ്ണിടിഞ്ഞതാണ് നിര്‍മാണക്കമ്പനിക്ക് തലവേദന സൃഷ്്ടിക്കുന്നത്. പട്ടിക്കാട്, വാണിയമ്പാറ, കുതിരാന്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ഇതില്‍ പട്ടിക്കാടിന് സമീപം തമ്പുരാട്ടിപ്പടിയില്‍ മണ്ണിടിഞ്ഞത് പ്രധാനപാത നിര്‍മിക്കാനിരുന്ന സ്ഥലത്തേക്കാണ്. ഇവിടെ 20 അടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യത വര്‍ധിച്ചു. കുതിരാനിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗത്തെ റോഡിലും സമാന സ്ഥിതിയാണ്. മലയില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും മണ്ണും കല്ലും പതിക്കാം. സുരക്ഷിതമായി ഈ പ്രദേശത്ത് റോഡ് നിര്‍മിക്കുന്ന കാര്യം ശ്രമകരമാണ്. പണിത് വര്‍ഷം കിഴിയും മുമ്പേ ദേശീയപാതയുടെ സര്‍വിസ് റോഡുകളില്‍ വലിയ കുഴികള്‍ ഉണ്ടാവുകയോ ഇടിഞ്ഞ് പോവുകയോ ചെയ്തു. ചെറിയ മഴയെപ്പോലും പ്രതിരോധിക്കാനാകാത്ത നിലയിലാണ് പലയിടത്തും നിര്‍മാണം. കാനകളിലേക്ക് വെള്ളം പോകാതെ കെട്ടിക്കിടക്കുന്നതും തകര്‍ച്ചക്ക് ആക്കം കൂട്ടി. കലുങ്ക് നിര്‍മിച്ച സ്ഥലങ്ങളില്‍ റോഡ് ഇരുഭാഗങ്ങളിലും താഴ്ന്നത് നിര്‍മാണത്തി​െൻറ അശാസ്ത്രീയത മൂലമാണെന്ന് വിമര്‍ശനമുണ്ട്. തദ്ദേശവാസികള്‍ക്ക് കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്ന സര്‍വിസ് റോഡുകളാണ് വ്യാപകമായി തകര്‍ന്നത്. തോടുകളോ ജലാശയങ്ങളോ പിന്നിടുന്ന സ്ഥലങ്ങളില്‍ റോഡ് ഇടിഞ്ഞുപോയ സ്ഥിതിയാണ്. പലയിടത്തും ടാറിങ്ങിനുശേഷം താഴ്ന്നിട്ടുമുണ്ട്. ഭാഗികമായാണ് സര്‍വിസ് റോഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. മണ്ണുത്തി-അങ്കമാലി പാതയിലേതുപോലെ നിര്‍മാണം പാതി പൂര്‍ത്തിയാക്കി ടോള്‍പിരിക്കാനുള്ള നീക്കമാണിതിന് പിറകിലെന്നും വിമര്‍ശനമുണ്ട്. അതേസമയം, പാളിച്ചകള്‍ പരിഹരിച്ച ശേഷമെ പാത തുറക്കൂവെന്നാണ് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.