കുട്ടികളുടെ ഹീറോയായി രക്ഷാപ്രവർത്തകർ

അഴീക്കോട്: 'ഒമ്പത് ദിവസം പ്രായമായ കുഞ്ഞിനെ അമ്മയുടെ കൈയിൽനിന്ന് വാങ്ങി നെഞ്ചോട് ചേർത്ത് ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിക്കുംവരെയുള്ള വിറയൽ ഇപ്പോഴും മാറിയിട്ടില്ല' പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരുടെ പ്രതികരണമാണിത്. അഴീക്കോട് ഗവ. യു.പി സ്കൂൾ സംഘടിപ്പിച്ച 'രക്ഷാപ്രവർത്തകർക്കൊപ്പം ഇത്തിരി നേരം' എന്ന അഭിമുഖ പരിപാടിയിലാണ് രക്ഷാപ്രവർത്തകർ അനുഭവങ്ങൾ പങ്കുവെച്ചത്. അഴീക്കോട് പ്രദേശത്തുനിന്ന് രക്ഷാസേന അംഗങ്ങളായ പി.കെ. റാഫി, ഷിഫാദ്, ജിജോഷ്, ഹാരിസ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. പ്രളയവുമായി ബന്ധപ്പെട്ട കുട്ടികളുടെ അനുഭവങ്ങളുടെ സമാഹാരം, പ്രത്യേക പതിപ്പുകൾ, കൊളാഷ് എന്നിവ പ്രദർശിപ്പിച്ചു. എല്ലാ വ്യത്യാസങ്ങൾക്കുമപ്പുറം മനുഷ്യത്വവും സഹജീവി സ്നേഹവുമാണ് തങ്ങളെ രക്ഷാപ്രവർത്തനത്തിൽ എത്തിച്ചതെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി പ്രവർത്തകർ പറഞ്ഞു. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കുട്ടികൾക്ക് ആത്മവിശ്വാസം പകർന്നാണ് രക്ഷാപ്രവർത്തകർ മടങ്ങിയത്. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് പി.എ. റാഫി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജ്യോതി സുനിൽ, പ്രധാനാധ്യാപിക എം.ജി. പ്രമീള, മാതൃസംഗമം പ്രസിഡൻറ് ജാസ്മിൻ, ലൈല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.