തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിൽ വകുപ്പ് മേധാവിയുടെ താല്‍ക്കാലിക നിയമനത്തിന് സി.പി.എം അട്ടിമറി ശ്രമം. ചാൻസലറായ ഗവര്‍ണറുടെ നോമിനി ഉൾപ്പെടെ ഏഴുപേരടങ്ങിയ കമ്മിറ്റി തയാറാക്കിയ അസി. പ്രഫസർ നിയമന പട്ടികയുള്ളപ്പോൾ അത് അവഗണിച്ച് പാർട്ടി അനുഭാവിയെ നിയമിക്കാനാണ് നീക്കം. സിൻഡിക്കേറ്റിലെ രണ്ട് സി.പി.എം പ്രതിനിധികൾ പട്ടിക അട്ടിമറിക്കാൻ നീക്കം നടത്തുന്നുവെന്നും ആക്ഷേപമുണ്ട്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണറുടെ നോമിനിയായ സബ്ജക്ട് എക്‌സ്പേര്‍ട്ട് വിയോജനക്കുറിപ്പ് നൽകി. വകുപ്പ് മേധാവി ഡോ.കെ.എസ്. പവിത്രന്‍ വിരമിച്ച ഒഴിവിലേക്കാണ് താല്‍ക്കാലിക നിയമനം. പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍/അസി. പ്രഫസര്‍ തസ്‌തികയിലുള്ളവരെയാണ് പരിഗണിച്ചത്. ഇതുപ്രകാരം വിവിധ കോളജുകളില്‍ ജോലിചെയ്യുന്നവര്‍ പങ്കെടുത്ത കൂടിക്കാഴ്ച കഴിഞ്ഞ് തയാറാക്കിയ പട്ടികയാണ് മരവിപ്പിച്ചത്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടയാള്‍ക്ക് പട്ടികയില്‍ ഇടംകിട്ടാതായപ്പോൾ സി.പി.എം തടസ്സം സൃഷ്ടിക്കുകയാണ്. അസി. പ്രഫസർ തസ്തികയില്ല, പ്രഫസര്‍ തസ്തികയിലേക്കുതന്നെ നിയമനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. വകുപ്പ് മേധാവി സ്ഥാനം പ്രഫസര്‍ പദവിയിലേക്ക് ഉയർത്തി വീണ്ടും അഭിമുഖം നടത്തിയെങ്കിലും ഉദ്ദേശിച്ചയാൾക്ക് നിശ്ചിത യോഗ്യത ഇല്ലാത്തതിനാല്‍ ലക്ഷ്യം കണ്ടില്ല. പദവി മാറ്റിത്തീരുമാനിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനില്ല. ആദ്യ പട്ടിക നിലനിര്‍ത്തി ചട്ടവിരുദ്ധമായി രണ്ടാമത് നടത്തിയ കൂടിക്കാഴ്ചയിൽ ആദ്യ പട്ടികയിലുള്ള ആരും ഉൾപ്പെട്ടില്ല. പട്ടികക്കു പുറത്തുനിന്ന് മുൻ എസ്.എഫ്.ഐ നേതാവ് മാത്രമാണ് വന്നത്. ഇദ്ദേഹത്തിന് അസി. പ്രഫസറാകാനുള്ള യോഗ്യതയാണ് ഉള്ളത്. ഇതുമൂലം പ്രഫസര്‍ തസ്തികയിലേക്ക് നിയമിക്കാനാവില്ലെന്ന് ഇൻറര്‍വ്യൂ ബോര്‍ഡ് വിലയിരുത്തി. ഇതോടെ താൽക്കാലിക തസ്തികയിലേക്ക് ഇഷ്ടപ്പെട്ടവരെ നിയമിക്കാൻ നാലാംതവണയും അപേക്ഷ ക്ഷണിച്ച് പത്രപരസ്യം നല്‍കിയിരിക്കുകയാണ്. മാത്രമല്ല ഇൻറർവ്യൂ ബോര്‍ഡിലെ അംഗങ്ങളെ മാറ്റാനും വൈസ് ചാൻസലർക്കുമേൽ സമ്മർദമുണ്ടത്രെ. നിയമനങ്ങളില്‍ സിൻഡിക്കേറ്റ് ഇടപെടരുതെന്ന യു.ജി.സിയുടെ പ്രത്യേക നിര്‍ദേശം അട്ടിമറിക്കപ്പെട്ടതായി ഒരുവിഭാഗം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.