ചാലക്കുടി: വനപാലകർ ചോദ്യംചെയ്യാൻ വിളിച്ചയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ചായ്പൻകുഴി മാതൃകാ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ മൃതദേഹവുമായി നാട്ടുകാരുടെയും തൊഴിലാളി യൂനിയെൻറയും ഉപരോധം മൂന്നു മണിക്കൂർ നീണ്ടു. കൊന്നക്കുഴി ഫോറസ്റ്ററെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മരിച്ച രണ്ടുകൈ സ്വദേശി കൈനിക്കര രാജെൻറ മകൻ സന്തോഷിെൻറ (45) മൃതദേഹവുമായാണ് ജനം പ്രതിഷേധിച്ചത്. വെള്ളിയാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹവുമായി ജനം പ്രകടനമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. പ്രതിഷേധം അധികാരികൾ അവഗണിച്ചതിനെ തുടർന്ന് ഒരു മണിയോടെ മൃതദേഹം സ്റ്റേഷെൻറ വരാന്തയിൽ ഇറക്കിക്കിടത്തി. സംഘർഷം മൂർച്ഛിച്ചത് തിരിച്ചറിഞ്ഞ് ചാലക്കുടി ഡി.എഫ്.ഒ സി.വി. പ്രസാദും ഡിവൈ.എസ്.പി സി.ആർ. സന്തോഷും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകി. തുടർന്ന് മൂന്നുമണിയോടെ ഉപരോധം അവസാനിപ്പിച്ച് സംസ്കരിക്കാനായി മൃതദേഹം കൊണ്ടുപോയി. മരിച്ച സന്തോഷ് രണ്ടുകൈയിലെ സ്വതന്ത്ര തൊഴിലാളി യൂനിയൻ അംഗമായിരുന്നു. ഒരുമാസം മുമ്പ് പ്രദേശത്തെ എൽ.ഐ ഭൂമിയിൽ വെട്ടിമാറ്റിയ മരങ്ങൾ സന്തോഷും മറ്റ് മൂന്നുപേരും ചേർന്ന് വാഹനത്തിൽ കയറ്റിക്കൊടുത്തിരുന്നു. സ്ഥല ഉടമക്കെതിരെ കേസെടുത്ത വനംവകുപ്പ് സന്തോഷിനെ സാക്ഷിയാക്കി. കേസിൽ കൂറുമാറിയതിൽ രോഷംപൂണ്ട വനപാലകർ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഫോറസ്റ്ററുടെ നേതൃത്വത്തിലെത്തിയ വനപാലകർ നാലുപേരോട് ചോദ്യംചെയ്യാൻ സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെട്ടതായും സന്തോഷിെൻറ കഴുത്തിൽപിടിച്ച് വലിച്ചതായും നാട്ടുകാർ ആരോപിച്ചു. സ്റ്റേഷനിൽ മർദനമേൽക്കുമെന്ന് സന്തോഷ് ഭയപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ രണ്ടുകൈ ബസ് സ്റ്റോപ്പിലാണ് സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽെവച്ച് വിഷംകഴിച്ച് പുറപ്പെട്ട ഇയാൾ ബസ്സ്റ്റോപ്പിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10ന് ശേഷമാണ് മൃതദേഹം സംഭവസ്ഥലത്തുനിന്ന് നീക്കാൻ നാട്ടുകാർ പൊലീസിനെ അനുവദിച്ചത്. സംഭവത്തിന് മുമ്പ് കൊന്നക്കുഴി ഫോറസ്റ്റർക്കെതിരെ ഇയാൾ പരാതിപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.