പെരുമ്പിലാവ്: ജങ്ഷനിലെത്തുന്ന ആർക്കും ഈ കടലക്കാരനെ അറിയാം. 63 കാരൻ കുഞ്ഞഹമ്മദ് കാൽ നൂറ്റാണ്ടായി ഉപജീവനം പോലെ ജീവിതവും വറചട്ടിയിൽ ചുട്ടെടുക്കുകയാണ്. മീൻ വിൽപന കേന്ദ്രത്തിനു സമീപത്തെ റോഡരികിൽ കടല വറുത്ത് വൈകുന്നേരങ്ങളിൽ വിൽപന തുടങ്ങിയിട്ട് വർഷം 25 പിന്നിട്ടു. ജീവിത പ്രാരാബ്ധങ്ങൾ ഏറെയുള്ള ഇദ്ദേഹം കടലവിറ്റ് ലഭിക്കുന്ന തുച്ഛവരുമാനം കൊണ്ടാണ് ഭാര്യയും മകളും ഡിഗ്രിക്ക് പഠിക്കുന്ന ഇളയമകനും അവിവാഹിതയായ സഹോദരിയും ഉൾപ്പെട്ട കുടുംബത്തെ സംരക്ഷിക്കുന്നത്. രണ്ട് പെൺകുട്ടികളുടെ വിവാഹം നാട്ടുകാരുടെ സഹായത്താൽ കഴിഞ്ഞു. ഇളയ മകളുടെ വിവാഹം ഉറപ്പിച്ചെങ്കിലും ഒരു വഴിയും കാണാതെ അലയുകയാണീ രോഗബാധിതൻ. ദിനംപ്രതി ആറുകിലോ കടലവീതം വിൽപന നടത്തും. കുഞ്ഞഹമ്മദിക്കയുടെ തയാറാക്കുന്ന കടലവാങ്ങാൻ കടവല്ലൂർ മുതൽ ചാലിശ്ശേരി വരെയുള്ളവർ സ്ഥിരമായി എത്താറുണ്ട്. കടലക്ക് വില വർധിച്ചതോടെ പഴയതുപോലുള്ള വരുമാനം ലഭിക്കുന്നില്ല. മാനത്തു മേഘം കറുത്താൽ ഇക്കയുടെ ഹൃദയമിടുപ്പ് കൂടും. ചോർന്നൊലിക്കുന്ന വണ്ടിയിലാണ് കച്ചവടം. മഴപെയ്താൽ സ്റ്റൗവിലെ തീയണയും പോലെ ജീവിതവും ഇരുട്ടിലാകും. വർഷങ്ങൾക്ക് മുമ്പ് യുവജന സംഘടനയായ സോളിഡാരിറ്റി പ്രവർത്തകർ നൽകിയ ഉന്തുവണ്ടി കാലപ്പഴക്കത്താൽ മോശമായി. നാലു ചക്രങ്ങളും കട്ടപ്പുറത്താണ്. ജീവിത പ്രയാണത്തിനായി ആരെങ്കിലും ഒരു ഉന്തുവണ്ടി നൽകി സഹായിക്കുമെന്ന പ്രത്യാശയിൽ ഇക്ക കാത്തിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.