വാടാനപ്പള്ളി: കനോലി പുഴക്കും പാടത്തിനും നടുവിൽ സ്ഥിതി ചെയ്യുന്ന നടുവിൽക്കര എന്ന ഗ്രാമം പ്രളയത്തിൽ കരയില്ലാത്ത അവസ്ഥയിലായിരുന്നു. പുഴയും പാടവും കരകവിഞ്ഞ് വെള്ളം നിറഞ്ഞതോടെ ഗ്രാമത്തിലെ 914 ലധികം വീടുകളാണ് മുങ്ങിയത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 11 വാർഡുകൾ ഉൾപ്പെടുന്ന ഈ കൊച്ചുഗ്രാമം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ആഗസ്റ്റ് 15നാണ് വെള്ളം കയറിതുടങ്ങിയത്. 17ന് കിഴക്കുള്ള കനോലി പുഴയും പടിഞ്ഞാറുള്ള പാടവും വടക്കുള്ള പാടവും തോടും കരകവിഞ്ഞാണ് വെള്ളം ഗ്രാമത്തിലേക്ക് ഒഴുകിയത്. തെക്ക് ഭാഗത്തെ തൃശൂർ -വാടാനപ്പള്ളി റോഡിന് മുകളിലൂടെയും ഒരാൾ പൊക്കത്തിൽ വെള്ളം അടിച്ചു കയറി. പുഴയും പാടവും റോഡും കരയും ഒന്നായി. ഗ്രാമം മുങ്ങിയതോടെ വാഹനം എത്തിപ്പെടാൻ കഴിയാത്ത ഗ്രാമത്തിലേക്ക് യാത്ര വഞ്ചിയിലായി. വെള്ളം കയറിയതോടെ നിരവധി വഞ്ചിയിലും ടിപ്പർ ലോറികളിലുമാണ് ഗ്രാമത്തിലെ അയ്യായിരത്തോളം വരുന്ന ജനങ്ങളെ വാടാനപ്പള്ളിയിലെ വിവിധ ക്യാമ്പുകളിൽ എത്തിച്ചത്. വെള്ളം ഇറങ്ങാത്തതിനാൽ ഗ്രാമവാസികളുടെ പെരുന്നാൾ -ഓണാഘോഷങ്ങൾ ക്യാമ്പുകളിൽ ആഘോഷിക്കുകയായിരുന്നു. ഓണം കഴിഞ്ഞ് വീട്ടിൽ വന്നതോടെ വീട്ടുകാർ ശരിക്കും അന്തം വിട്ടു. വീടിനുള്ളിൽ ചളി നിറഞ്ഞു. വീടുകൾ തകർന്നു. നിരവധി വീടുകൾക്ക് വിള്ളൽ. വസ്ത്രങ്ങളും ടി.വിയും പുസ്തകങ്ങളും മോട്ടോറും വീട്ടുപകരണങ്ങളും കിടക്കയും നശിച്ചു. പലരും ഇപ്പോഴും വീട് വൃത്തിയാക്കുന്ന പണിയിലാണ്. വീട്ടിൽ ദുർഗന്ധം, മുങ്ങിയ കിണറുകൾ മാലിന്യമായി. കുടിവെള്ളത്തിനും ബുദ്ധിമുട്ട്. വീട്ടിൽ എത്തിയ കുടുംബങ്ങൾ വേദനയിലാണെങ്കിലും ജീവിതത്തിലേക്ക് പൊരുത്തപ്പെട്ട് വരുകയാണ്. ക്യാമ്പിൽ ലഭിച്ച വസ്ത്രങ്ങളും സർക്കാറിൽ നിന്ന് കിട്ടിയ ഭക്ഷ്യ കിറ്റുകളും പാവപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമായി. പ്രഖ്യാപിച്ച 10,000 രൂപയിൽ 3,800 രൂപ ലഭിച്ചത് ആശ്വാസമായി. മറ്റ് നാശനഷ്ടത്തിെൻറ നഷ്ടപരിഹാരം കണക്കാക്കി അധികൃതർ പോയിട്ടുണ്ട്. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. പല തവണ വീട് വൃത്തിയാക്കി ദുരിതത്തിലായ കുടുംബങ്ങൾ ഇപ്പോൾ സാധാരണ നിലയിലേക്ക് വരികയാണ്. നശിച്ച വസ്തുക്കൾ അധികൃതരെ കാണിച്ച് പല കുടുംബങ്ങളും തീയിട്ടു. കേടായ മോട്ടോർ നന്നാക്കി വരുന്നു. ഇടിഞ്ഞ ഭാഗങ്ങൾ ശരിയാക്കുന്നുണ്ടെങ്കിലും ഈ വീട്ടിൽ കിടന്നുറങ്ങാൻ ഭയക്കുകയാണ്. ഇരുപതിലധികം വീടുകളാണ് തകർച്ചയിലുള്ളത്. ശേഷിച്ച കുടുംബങ്ങൾ രണ്ടാഴ്ചക്ക് ശേഷം വീടിലെത്തി അടുപ്പ് പുകഞ്ഞു. ക്യാമ്പിൽ നിന്ന് ലഭിച്ച വസ്ത്രങ്ങളാണ് ധരിക്കുന്നത്. കിറ്റുകളിലെ ഭക്ഷ്യവസ്തുക്കളാണ് പാകം ചെയ്യുന്നത്. വെള്ളപ്പൊക്കത്താൽ നീട്ടിവെച്ച കൊല്ലങ്കി ബാബുവിെൻറ മകെൻറ വിവാഹം സെപ്റ്റംബർ ആറിനാണ്. ഗ്രാമത്തിലെ വിവിധ ക്ലബുകളിലെ യുവാക്കളുടെ ഇടപെടലിൽ വീടുകൾ ശുചീകരിച്ചാണ് വീട്ടുകാർക്ക് വീടിനുള്ളിൽ കയറാൻ സാധിച്ചത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമത്തിലെ പൊതുപ്രവർത്തകരേയും ക്ലബ് ഭാരവാഹികളേയും ബോധാനന്ദവിലാസം സ്കൂളിൽ ആദരിച്ചു. ഗ്രാമം ഇപ്പോൾ സാധാരണ നിലയിലേക്ക് വന്നിരിക്കുകയാണ്. പുഴയും ശാന്തമായി. ഏറെ നാശം ഉണ്ടായെങ്കിലും ജീവൻ തിരിച്ചുകിട്ടി കുടുംബ ജീവിതത്തിലേക്ക് വീണ്ടും കരകയറാനുള്ള ശ്രമത്തിലാണ് ഗ്രാമവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.