ചുമടെടുത്ത്​ വിയർപ്പൊഴുക്കി കാക്കിപ്പട

തൃശൂർ: 70ഉം നൂറും കിലോ ഭാരമുള്ള ചാക്കു കെട്ടുകളും, പെട്ടികളും ചുമക്കുകയാണ് പൊലീസുകാർ...വിയർത്തൊലിച്ച് കർമ നിരതരായ കാക്കിപ്പടയോട് ആദരവും ബഹുമാനവും അറിയാതെ തോന്നിപ്പോകുന്ന നിമിഷങ്ങൾ... പ്രളയം തുടങ്ങും മുമ്പേ കണ്ണും കാതും കൂർപ്പിച്ച് ജാഗ്രതയോടെയായിരുന്ന പൊലീസ് ഇപ്പോഴും വിശ്രമിക്കുന്നില്ല. ചില ദിവസങ്ങളിൽ വെള്ളം കുടിക്കാൻ പോലുമാകാത്ത തിരക്ക്. മഹാമാരിയിൽ തകർന്ന ജില്ലയെ വീണ്ടെടുക്കാനുള്ള മഹായജ്ഞത്തിൽ പൊലീസ് സേനാംഗങ്ങളുടെ പങ്ക് കൊത്തിവെക്കപ്പെടും. എപ്പോഴും കുറ്റപ്പെടുത്തലും, വിമർശനവും പരാതിയും മാത്രം ബാക്കിയാവുന്ന പൊലീസിനുള്ളിലെ പച്ച മനുഷ്യരെ ഇവിടെ കാണാം. പട്ടാളം പരാജയപ്പെട്ട ചാലക്കുടിയിലെ രക്ഷാപ്രവർത്തനത്തിൽ പൊലീസി​െൻറയും നാട്ടുകാരുടെയും ദൗത്യമാണ് വിജയിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കവേ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കിറങ്ങി. പ്രതിദിനം ആയിരത്തോളം പൊലീസുകാർ അവധിയും വിശ്രമവുമില്ലാതെ പ്രളയം തകർത്തെറിഞ്ഞ ജില്ലയെ വീണ്ടെടുക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാണ്. രക്ഷാപ്രവർത്തനം കഴിഞ്ഞ് ആരോഗ്യവകുപ്പി​െൻറ പരിശോധന നടത്തിയതിൽ ചിലർക്ക് അസുഖം കണ്ടെത്തിയെങ്കിലും പേരിന് മാത്രമുള്ള വിശ്രമമെടുത്ത് ഇവർ ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങി. തൃശൂർ സിറ്റി, റൂറൽ സേനാംഗങ്ങൾ, അക്കാദമി, കേപ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, വനിത ബറ്റാലിയൻ, സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ തുടങ്ങി പൊലീസി​െൻറ എല്ലാ വിഭാഗങ്ങളും വിശ്രമമില്ലാതെ പ്രവർത്തനത്തിലാണ്. ഇതിനിടയിലാണ് ഒരു മാസത്തെ ശമ്പളം വേണമെന്ന മുഖ്യമന്ത്രിയുടെ നിർദേശമുയർന്നത്. സന്തോഷത്തോടെ ഏറ്റെടുത്ത സേനാംഗങ്ങൾ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. ആദ്യ ഗഡുവും കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ശേഖരിച്ചെത്തിച്ച് വിതരണം ചെയ്തു. പകർച്ച വ്യാധി ആശങ്കയുയർന്നതോടെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരോഗ്യ പരിശോധന ക്യാമ്പുകൾ തുടങ്ങി. ഇപ്പോൾ വിവിധയിടങ്ങളിൽ നിന്നെത്തുന്ന സാധനങ്ങൾ ചുമന്നെത്തിക്കുന്നതിൽ തുടങ്ങി, സാധനങ്ങൾ പാക്ക് ചെയ്യുന്നതിലും, തിരിച്ച് വീടുകളിലേക്ക് കയറ്റിയയക്കുന്നത് വരെ പ്രവർത്തനങ്ങളിൽ സജീവമാണ്. വനിത പൊലീസ് ബറ്റാലിയനിൽ നിന്നുള്ള 100 പേർ, 50 പുരുഷ പൊലീസ് ട്രെയിനികൾ, 25 ലോക്കൽ പൊലീസ്, 50 എക്സൈസ് ട്രെയിനികൾ, 20 ജയിൽ ട്രെയിനീസും ഇൻഡോർ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽ മറ്റ് വളൻറിയർമാർക്കൊപ്പമുണ്ട്. ബുധനാഴ്ച സിറ്റി പൊലീസ് അസോസിയേഷൻ സെക്രട്ടറി ബിനു ഡേവീസി​െൻറ നേതൃത്വത്തിൽ 60 പൊലീസുകാരും സേവനത്തിനെത്തി. പ്രവർത്തനങ്ങൾ പരിശോധിച്ചും വിലയിരുത്തിയും നേതൃത്വം നൽകിയും കമീഷണർ യതീഷ് ചന്ദ്രയും ഇവരോടൊപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.