99ലും 2018ലും ചരിത്രത്തിലെ രണ്ടു മഹാപ്രളയങ്ങളെ നേരിട്ട് ചാലക്കുടിപ്പുഴയോരത്തെ 175 വര്‍ഷത്തെ പഴക്കമുള്ള കാഞ്ഞാട്ട് മന. 99ലെ വെള്ളപ്പൊക്കത്തില്‍ മനയുടെ തട്ടിന്‍പുറത്തില്‍ ഒരുകൂട്ടം സ്ത്രീകള്‍ കഴിച്ചു കൂട്ടിയപ്പോള്‍ 2018ല്‍ ഇതിെൻറ തട്ടിന്‍പുറത്ത് അഞ്ചുപേര്‍ വെള്ളമിറങ്ങുന്നതുവരെ കാത്തിരുന്നത് നിയോഗം പോലെ. മനയിലെ ഇപ്പോഴത്തെ താമസക്കാരായ പ്രഫ. വാസുദേവന്‍ നമ്പൂതിരിയും ഭാര്യ കെ.എസ്.ഇ.ബി എൻജിനീയറായ രാധയും ബന്ധുക്കളായ ഹരിനാരായണന്‍ നമ്പൂതിരിയും ഭാര്യ സുധയും മക്കളായ ശ്രീജിത്തും ശ്രീനാഗും വീടിെൻറ തട്ടിനുമുകളില്‍ 48 മണിക്കൂറിലധികം കഴിച്ചുകൂട്ടിയത് മരണത്തെ മുഖാമുഖം കണ്ട്. പതിനഞ്ചാം തീയതി പുഴയില്‍ വെള്ളം ഉയരുമെന്ന് കേട്ടിരുന്നുവെങ്കിലും അത്ര കാര്യമാക്കിയില്ല. ചാലക്കുടിപ്പുഴയോരത്തായിരുന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് തുറന്ന് ഇടയ്‌ക്കെല്ലാം മലവെള്ളം വരുന്നത് പതിവായിരുന്നു. 16ാം തീയതിയായപ്പോള്‍ വെള്ളം രാവിലെ മനയുടെ മുറ്റത്തെത്തിയപ്പോള്‍ കളി കാര്യമായി. പിന്നെ ഓരോ മിനിറ്റും വച്ച് വെള്ളമങ്ങനെ ഉയരാന്‍ തുടങ്ങിയപ്പോള്‍ പുറത്തേക്കിറങ്ങല്‍ അസാധ്യമായി. 99ലെ വെള്ളപ്പൊക്കം വന്നപ്പോള്‍ കാരണവന്മാര്‍ ചെയ്തതുപോലെ തട്ടിനു മുകളില്‍ കയറി. എന്നാല്‍ അല്‍പം കഴിഞ്ഞ് തട്ടിന്‍പുറത്തെ ഓടുപൊളിച്ച് പുറത്തേക്ക് നോക്കിയപ്പോള്‍ ഞെട്ടി. വീടിന് മുറ്റത്ത് പുഴയങ്ങനെ കറങ്ങിത്തിരിയുകയാണ്. മനയുടെ സമീപത്തെ രണ്ട് കടവുകളില്‍നിന്നും വെള്ളം ഇരച്ചെത്തി. ഒന്നിന് പിന്നാലെയായി മഴ ഇരട്ടിയായി പെയ്തു. ഫോണിന് റേഞ്ചുമില്ല, ചാര്‍ജ്ജുമില്ല. രാത്രി വൈദ്യുതി പോയി ഇരുട്ടായതോടെ ഭയം വര്‍ധിച്ചു. 17ന് രാവിലെ ആകാശത്തൂടെ ഹെലികോപ്ടറുകള്‍ പോയപ്പോള്‍ രക്ഷക്കായി ഓടുപൊളിച്ച് മുകളില്‍ കൊടി വീശിയെങ്കിലും ആരും കണ്ടില്ല. കൂവി വിളിച്ചെങ്കിലും രക്ഷാബോട്ടുകള്‍ വന്നില്ല. ജീവിതം അങ്ങനെ ഒടുങ്ങുമെന്ന് കരുതി അവര്‍ അഞ്ച് പേരും. കുടിക്കാന്‍ വെള്ളമില്ല. വിശന്നപ്പോള്‍ തട്ടിന് മുകളില്‍ പൂജയ്ക്കായി കരുതിയ കദളിപ്പഴം എടുത്തു തിന്നു. 18ന് വൈകിയിട്ട് വെള്ളം പതുക്കെ ഇറങ്ങുന്നതുവരെ ആ ഇരിപ്പ് തുടര്‍ന്നു. കൊരട്ടി കോനൂര്‍ പാലമുറിയിലാണ് കാഞ്ഞാട്ട്മനക്കാര്‍ ആദ്യം താമസിച്ചിരുന്നത്. ടിപ്പുവിെൻറ പടയോട്ടം വന്നപ്പോള്‍ അവിടെനിന്ന് മാറേണ്ടി വരികയായിരുന്നു. കൊച്ചി രാജാവിെൻറയും കോടശേരി കര്‍ത്താക്കളുടെയും സഹായത്തോടെയാണ് ചാലക്കുടിയില്‍ താമസമാക്കിയപ്പോഴാണ് ഈ കെട്ടിടം പത്മനാഭന്‍ എന്ന കാരണവര്‍ നിർമിച്ചത്. കൊല്ലം 1064ല്‍ ഓലമേഞ്ഞ ഈ മന ഓടുമേഞ്ഞു. 99ലെ വെള്ളപ്പൊക്കത്തെ കുറിച്ച് പഴമക്കാര്‍ പറഞ്ഞത് ഓർമയുണ്ട് മുതിര്‍ന്നവര്‍ക്ക്. അന്ന് വെള്ളപ്പൊക്കം വന്നപ്പോള്‍ സ്ത്രീകളാണ് ഇതിെൻറ മച്ചില്‍ കയറി രക്ഷപ്പെട്ടത്. പുരുഷന്മാരെല്ലാം അല്‍പം അകലെ ഒരു മഠത്തിലായിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വലിയ ക്ഷാമമാണ് നേരിട്ടത്. അരിയില്ലാതെ പനനൂറ് കഴിച്ചാണ് പലരും വിശപ്പടക്കിയത്. തീ കൂട്ടാന്‍ തലയിണയുടെ പഞ്ഞി അരണിയില്‍ കടഞ്ഞ് തീയുണ്ടാക്കിയതും അന്നത്തെ ഓർമകളാണ്. അന്നത്തെ വെള്ളപ്പൊക്കത്തില്‍ മനയില്‍ വെള്ളം വന്നതിന് ഒരു ചാണ്‍ കൂടുതല്‍ ഇത്തവണ കയറി. കെട്ടിടത്തിെൻറ താഴത്തെ ഓടിെൻറ നിരവരെയാണ് ഇത്തവണ വന്നത്. വെള്ളം ഇറങ്ങിയ ഉടനെ നോക്കിയത് വീടിെൻറ ഭാഗങ്ങള്‍ ഇടിഞ്ഞുവോയെന്നാണ്. വെള്ളപ്പൊക്കത്തില്‍ മനയ്ക്ക് ഒരു പോറലും ഇത്തവണയും വന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.