വിജിയുടെ പൊന്നോമനകൾക്ക് ഇത് ദുരിതത്തി‍െൻറ ഒന്നാംപിറന്നാൾ

തൃശൂർ: ദിവാൻജി മൂലയിലെ റെയിൽവേ ഓവർബ്രിഡ്ജിനടുത്ത ചേരിയിലെ വിജയലക്ഷ്മിയുടെ വീട്ടിലേക്ക് പടികളിറങ്ങി ചെല്ലുമ്പോൾ എലിമാളത്തിലേക്ക് നൂഴ്ന്നിറങ്ങുകയാണോ എന്ന് ഒരു നിമിഷം സംശയിക്കും. നഗരത്തിലെ അഴുക്കുവെള്ളം ഒഴുകുന്ന കാനയുടെ പുറത്തിട്ട സ്ലാബാണ് ആ കൂരയിലേക്കുള്ള ചവിട്ടുപടി. കാനയിലെ ദുർഗന്ധവും ഈച്ചകളും മറ്റ് ക്ഷുദ്രജീവികളും മനുഷ്യവാസത്തിന് അർഹമല്ല ഇവിടം എന്ന് വിളിച്ചുപറയുന്നു. ഇവിടെയാണ് വിജയലക്ഷ്മി ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ വളർത്തുന്നത്. ഇന്ന് ഒരു വയസ്സ് തികയുന്ന ആദിനാഥിനും ആദിദേവിനും ആദികൃഷ്ണക്കും ഇരുന്ന് കളിക്കാൻ മുറിയിലെ കാലില്ലാത്ത കട്ടിൽ മാത്രമാണ് ശരണം. ഉണ്ണാനും ഉറങ്ങാനും ഈ കട്ടിൽ തന്നെ. ഭക്ഷണം പാകംചെയ്യാനായി മുറിയുടെ ഒരു ഭാഗം കാർഡ്ബോർഡ് ഷീറ്റ് കൊണ്ട് മറിച്ചിരിക്കുന്നു. മണ്ണിൽ കുഴഞ്ഞ നിലത്ത് സ്ഥാനം പിടിച്ച കുറച്ച് പാത്രങ്ങളും ടിന്നുകളും സ്റ്റൗവുമുള്ള ആ സ്ഥലത്തെ അടുക്കളയെന്ന് വിളിക്കാമോ എന്ന് സംശയം. നിന്ന് തിരിയാൻപോലും ഇടമില്ലാത്ത ഒറ്റമുറി വീട്ടിലാണ് ഭർത്താവ് നിഥിനും അച്ഛനും അമ്മയും വിജിയും മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഈ പ്രയാസങ്ങൾക്കിടയിലാണ് പ്രളയജലത്തോടൊപ്പം കാനയിൽ നിന്നുള്ള വെള്ളവും കൂടി വീട്ടിനകത്തേക്ക് കയറിയത്. വെള്ളം കയറിയപ്പോൾ അച്ഛനേയും അമ്മയേയും ദുരിതാശ്വാസ ക്യാമ്പിലാക്കി വിജിയും മക്കളും ഭർത്താവി‍​െൻറ സഹോദരിയുടെ വീട്ടിലേക്ക്മാറി. അതിനാൽ ക്യമ്പിൽ നിന്നുള്ള സഹായങ്ങളൊന്നും വിജിക്കും മക്കൾക്കും കിട്ടിയില്ല. എപ്പോഴും തിരക്കുള്ള റോഡിൽ നിന്നുള്ള പൊടിയും കാനയിൽ നിന്നുള്ള ദുർഗന്ധവും ഈച്ചയും കൊതുകും എല്ലാം കാരണം മക്കൾക്ക് എന്നും അസുഖമാണ്. രോഗങ്ങൾ മൂന്ന് സഹോദരന്മാരേയും ഒരുമിച്ചാണ് പിടികൂടുക. മൂർച്ഛിക്കുമ്പോൾ സർക്കാർ ആശുപത്രിയിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉപദേശിക്കാറുണ്ടെങ്കിലും നിഥിന് അതൊന്നും ആലോചിക്കാൻ കഴിയാറില്ല. ആദ്യ പിറന്നാളിന് മക്കൾക്ക് ഇടാൻ പുതിയ ഒരു ഉടുപ്പ് വാങ്ങിനൽകാൻ കഴിയാത്ത നൊമ്പരം ഉള്ളിലൊതുക്കി മക്കളുടെ ചിരികളികൾക്കിടെ എല്ലാം മറക്കാൻ ശ്രമിക്കുകയാണ് വിജി. മൂന്ന് കുരുന്നുകൾക്കും ആരോഗ്യത്തോടെ താമസിക്കാൻ അൽപം കൂടി മെച്ചപ്പെട്ട ഇടം മാത്രമാണ് ഈ അമ്മ ഇപ്പോൾ സ്വപ്നം കാണുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.