കുന്നംകുളം നഗരസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകും കുന്നംകുളം: ജില്ലയിൽ പ്രളയം അനുഭവപ്പെട്ട മേഖലകളിലെ അജൈവ മാലിന്യം തള്ളാൻ നഗരസഭ പ്രദേശത്ത് സ്ഥലം അനുവദിച്ചതിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ പ്രതിഷേധം. കൗൺസിൽ അറിയാതെ ഗ്രൗണ്ട് ഉണ്ടെന്ന് മുനിസിപ്പൽ സെക്രട്ടറി നിർദേശിച്ചതിനെ വിമത അംഗം ഷാജി ആലിക്കൽ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയാക്കിയത്. കുറുക്കൻ പാറ ട്രഞ്ചിങ്ങ് ഗ്രൗണ്ട് നൽകാമെന്ന ആശയം ഉദ്യോഗസ്ഥരിൽ നിന്ന് ഉയർന്നിരുന്നത്രെ. അവിടത്തെ സാങ്കേതിക തടസ്സത്തെ തുടർന്ന് സീനിയർ ഗ്രൗണ്ട് അനുയോജ്യമാണെന്ന് സെക്രട്ടറി, കലക്ടർക്ക് ചൂണ്ടിക്കാട്ടിയെന്നായിരുന്നു ആരോപണം. സീനിയർ ഗ്രൗണ്ടിൽ മാലിന്യം തള്ളാൻ അനുവദിക്കില്ലെന്ന് ഷാജി ആലിക്കലും കോൺഗ്രസ് അംഗം ബിജു സി. ബേബിയും വ്യക്തമാക്കി. സീനിയർ ഗ്രൗണ്ട് മാലിന്യം തള്ളാൻ അനുമതി നൽകിയിട്ടില്ലെന്ന് ഭരണകക്ഷിയംഗങ്ങളായ പി.എം. സുരേഷും കെ.എ. അസീസും പറഞ്ഞു. സെക്രട്ടറി നൽകിയ മറുപടിയിൽ ക്ലീൻ കേരള ഉദ്യോഗസ്ഥർ സീനിയർ ഗ്രൗണ്ട്പരിശോധിക്കാൻ എത്തിയിരുന്നതായും അനുയോജ്യമാണെന്ന് മറുപടി നൽകിയിട്ടില്ലെന്നും ഭരണകക്ഷിയംഗങ്ങൾ വ്യക്തമാക്കി. ജനജീവിതത്തിന് ദുരിതമാകുന്ന തരത്തിൽ അനുമതി നൽകില്ലെന്നും മൂന്നു മാസത്തേക്കാണ് ആവശ്യം ഉന്നയിച്ചതെന്നും ചെയർപേഴ്സൻ സീത രവീന്ദ്രൻ വെളിപ്പെടുത്തി. പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷവും വ്യക്തികൾ സംഘടനകളിൽ നിന്നുമായി ശേഖരിച്ച് അഞ്ച് ലക്ഷവുമാണ് നൽകുന്നത്. കൗൺസിലേഴ്സ് ഒരു മാസത്തെ വേതനം ഇതിൽ ഉൾപ്പെടും. നഗരസഭയുടെ ഓൺ ഫണ്ടിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് വൈസ് ചെയർമാൻ പി.എം. സുരേഷ് ആവശ്യപ്പെട്ടു. എന്നാൽ നഗരസഭ പരിധിയിൽപ്പെടുന്ന ദുരിതത്തിലായ 30 കുടുംബങ്ങൾക്ക് ഈ ഫണ്ടുപയോഗിച്ച് സഹായം ചെയ്യാൻ തയ്യാറാകണമെന്ന് വിമത കോൺഗ്രസ് അംഗമായ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഷാജി ആലിക്കൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.