എരുമപ്പെട്ടി: പഞ്ചായത്തിൽ ഇ.എം.എസ് ഭവന പദ്ധതിയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. അനർഹരായ ഗുണഭോക്താക്കൾ 18 ശതമാനം പലിശ സഹിതം പണം തിരിച്ചടക്കാനും പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന വി.ഇ.ഒക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാനും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്. 2010ലെ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കിയ ഭവന പദ്ധതിയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. അനർഹരായ 51 പേർക്കാണ് മാനദണ്ഡങ്ങൾ പാലിക്കാതെ പണം നൽകിയത്. ഒരു വീടിന് സർക്കാർ സബ്സിഡി 50,000 രൂപയാണ്. 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകൾ നിർമിക്കുന്ന നിർധന കുടുംബങ്ങൾക്കാണ് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നത്. എന്നാൽ ഫണ്ട് കൈപറ്റിയ അനർഹർ ഭൂരിഭാഗവും നിശ്ചിത അളവിന് മുകളിലുള്ള വീടുകൾ നിർമിച്ചവരാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി സുബൈദ ഉൾെപ്പടെ ഏഴ് പേരെ പ്രതി ചേർത്ത് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. അനർഹർ പലിശ സഹിതം തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കും. മാർഗരേഖകൾ പാലിക്കാതെ അനർഹരെ ഉൾപ്പെടുത്തി സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയതിന് അന്നത്തെ വി.ഇ.ഒ എ.കെ. രവീന്ദ്രനെതിരെ ആവശ്യമായ വകുപ്പുകൾ ചുമത്തി അച്ചടക്ക നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ പരാമർശമുണ്ട്. തുടർച്ചയായി രണ്ട് തവണ പരാജയം രുചിച്ച ഇടതു മുന്നണിയുടെ ഭരണകാലത്ത് നടന്ന വൻ അഴിമതി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.