ചാലക്കുടി: പ്രളയത്തിന് ശേഷം ചാലക്കുടിപ്പുഴക്ക് ഘടനാപരമായ മാറ്റം സംഭവിച്ചു. പലഭാഗങ്ങളിലും പുഴ വീതി കൂടി. പ്രളയത്തിന് ശേഷം പുഴ ഏതാനും ദിവസത്തേക്ക് നിറഞ്ഞൊഴുകിയെങ്കിലും ഇപ്പോള്‍ ജലനിരപ്പ് വളരെ താഴ്ന്ന നിലയിലാണ്. പെരിങ്ങൽകുത്ത് ഡാം ഷട്ടര്‍ കേടുപാടുകള്‍ തീര്‍ത്ത് അടച്ചതിനെ തുടര്‍ന്നാണ് പുഴ വറ്റിവരണ്ടത്. വേനലിൽ പോലും കാണാത്ത രീതിയില്‍ പുഴ വറ്റിവരണ്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പാറക്കെട്ടുകളും മണല്‍പ്പരപ്പും പുഴയില്‍ തെളിഞ്ഞുകാണാം. പുഴയോരത്തെ കിണറുകളിലെ ജലനിരപ്പ് അസാധാരണമാം വിധം കുറഞ്ഞിട്ടുണ്ട്. പുഴയോരത്തെ ഇടിച്ചിലും പുഴയിലെ തുരുത്തുകള്‍ അപ്രത്യക്ഷമായതും മണല്‍ത്തിട്ടകള്‍ തെളിഞ്ഞതുമാണ് ചാലക്കുടിപ്പുഴയില്‍ സംഭവിച്ച മറ്റ് ചില മാറ്റങ്ങള്‍. ഈ സീസണില്‍ ചാലക്കുടിപ്പുഴ മൂന്നു തവണ അതിശക്തമായി കവിഞ്ഞൊഴുകിയത് പുഴയോരത്തിന് കനത്ത ഭീഷണിയാണ് സൃഷ്ടിച്ചത്. 14 മുതല്‍ മൂന്ന് ദിവസത്തേക്ക് പുഴ കരയിലേക്ക് കയറി ഒഴുകിയതും കടുത്ത ഭീഷണിയായി. അതിരപ്പിള്ളി വെള്ളച്ചാട്ടം മുതല്‍ അന്നമനട വരെ ഭാഗങ്ങളില്‍ പലയിടത്തും രൂക്ഷമായ കരയിടിച്ചില്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. പ്രളയത്തിെൻറ ദിവസങ്ങളില്‍ ഇരുവശത്തും ഏക്കറുകളോളം ഭൂമി പുഴയെടുത്തു. വിവിധ കടവുകളിലും മറ്റും കെട്ടി ഉയര്‍ത്തിയ സംരക്ഷണഭിത്തികള്‍ തകര്‍ന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴക്ക് ആഴം കൂടി. ഇരുവശത്തും കരഭാഗം കനത്ത രീതിയില്‍ ഇടിഞ്ഞു. പെരിങ്ങല്‍കുത്ത് മുതല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം വരെ കനത്ത ചളി നിറഞ്ഞിട്ടുണ്ട്. പുഴയോരത്തെ കാട്ടുപടര്‍പ്പുകളും മരങ്ങളും വെട്ടിവെടുപ്പാക്കിയതുപോലെ കിടക്കുകയാണ്. മറ്റ് പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ ഉള്‍പ്പെടെ ഇടിച്ചില്‍ വഴി നഷ്ടമായിട്ടുണ്ട്. പുഴ കൈയേറി നിർമിച്ച റിസോര്‍ട്ടുകളുടെ ഭാഗങ്ങള്‍, വ്യക്തികള്‍ പുഴയിലേക്കിറക്കി കെട്ടിയ മതിലുകള്‍ എന്നിവയും തകര്‍ന്നു. പലയിടത്തായി ഉണ്ടായിരുന്ന തുരുത്തുകള്‍ പലതും കാണാതായതാണ് മറ്റൊരു മാറ്റം. ഇവിടെ വളര്‍ന്നുനിന്ന മരങ്ങളും മറ്റും കടപുഴകി അപ്രത്യക്ഷമായി. വെള്ളമിറങ്ങിയതോടെ പുഴയില്‍ പലയിടത്തായി മണല്‍ത്തിട്ടകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പൂലാനി കൊമ്പന്‍പാറയുടെ അപ്രോച്ച് റോഡിലും അന്നനാട് ആറങ്ങാലികടവിലും മണപ്പുറം തെളിഞ്ഞു. മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകളിലെ പുഴയോരത്താണ് കൂടുതല്‍ മണല്‍ത്തിട്ടകള്‍ പ്രത്യക്ഷമായത്. പുഴയോരത്തൂടെ തുടര്‍ച്ചയായി നടന്നുപോകാവുന്ന തരത്തിലാണ് ഇതില്‍ പലതും. ചാലക്കുടിപ്പുഴയ്ക്ക് സംഭവിച്ച മാറ്റം പ്രത്യേകം പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. ദുരിതാശ്വാസഫണ്ട് ദുര്‍വിനിയോഗം ചെയ്യില്ല -മന്ത്രി കെ.ടി. ജലീല്‍ ചാലക്കുടി: പ്രളയത്തെ തുടര്‍ന്ന് ലഭിച്ച ദുരിതാശ്വാസഫണ്ടില്‍നിന്ന് ചില്ലിക്കാശുപോലും സര്‍ക്കാര്‍ ദുര്‍വിനിയോഗം നടത്തില്ലെന്ന് മന്ത്രി കെ.ടി. ജലീല്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാശം നേരിട്ട ചാലക്കുടിയിലെ സേക്രഡ് ഹാര്‍ട്ട് കോളജ് സന്ദര്‍ശിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലടി സംസ്‌കൃത സര്‍വകലാശാലക്ക് ഏഴ് കോടിയില്‍പരം രൂപയുടെ നഷ്ടമുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ മാത്രമല്ല മാനേജ്മെൻറ് സ്ഥാപനങ്ങളെയും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായി സര്‍ക്കാര്‍ ഫണ്ടുകള്‍ക്കൊപ്പം മറ്റ് ഏജന്‍സികളുടെ ഫണ്ടും ഉപയോഗപ്പെടുത്തും. മഹാപ്രളയത്തിന് ശേഷം കേരളം പുനര്‍നിർമിതിയിലാണ്. വലിയ പ്രതിസന്ധിയെ അനിതരസാധാരണമായ ധൈര്യത്തോടെ മലയാളി നേരിടുകയാണ്. ലോകം ഇത് അതിശയത്തോടെയാണ് കാണുന്നത്. പുനര്‍നിർമാണത്തിലും മറ്റുള്ളവരെ അതിശയിപ്പിക്കണം. കഷ്ടകാലത്ത് നമ്മള്‍ മറ്റുള്ളവരെ സഹായിച്ചാല്‍ നമ്മുക്ക് കഷ്ടകാലം വരുമ്പോള്‍ അവര്‍ നമ്മുക്ക് ഒപ്പമുണ്ടാകും. മലയാളിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ള എല്ലാ കോണുകളില്‍നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണസമാഹരണത്തിന് ബസുടമകള്‍ നടത്തുന്ന കാരുണ്യയാത്ര ചാലക്കുടി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ക്കൊപ്പം മന്ത്രി ബസുകളില്‍ കയറി ബക്കറ്റ് പിരിവ് നടത്തി. തുടര്‍ന്ന് ചാലക്കുടി പോട്ടയിലുള്ള പനമ്പിള്ളി കോളജ് സന്ദര്‍ശിച്ചു. ബി.ഡി. ദേവസി എം.എല്‍.എ, ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.