മഹാപ്രളയം കൊടുങ്ങല്ലൂരിൽ ബാധിച്ചത് 9,518 കുടുംബങ്ങളെ

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്ത് കോടികളുടെ നഷ്ടം ഉണ്ടാക്കിയ പ്രളയം 9,518 കുടുംബങ്ങളെ ബാധിച്ചതായി പ്രാഥമിക വിലയിരുത്തൽ. ദുരന്തം രൂക്ഷമായ 33 വാർഡുകളിലെ പ്രാഥമിക കണക്കുകൾ പ്രകാരം 361 വീടുകളാണ് പൂർണമായും വാസയോഗ്യമല്ലാതായത്. ഭാഗികമായി തകർന്നത് 704 വീടുകൾ. അഞ്ച് മുതൽ എട്ട് വരെയും, 14 മുതൽ 23 വരെയും, 26, 30, 36 എന്നിങ്ങനെ 17 വാർഡുകൾ ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലായി. ഒമ്പത് മുതൽ 13 വരെയും 24, 25, 27, 28, 29, 31, 33, 39 തുടങ്ങിയ വാർഡ് പ്രദേശങ്ങളിൽ 40 മുതൽ 50 ശതമാനവും 32, 34, 41 എന്നീ വാർഡുകളിൽ അഞ്ച് മുതൽ 20 ശതമാനം വരെയുള്ള ഭാഗം വെള്ളത്തിലായി. കഴിഞ്ഞ ഒരാഴ്ചയിലധികമായി, വിദഗ്ധർ അടക്കം അമ്പതോളം പേരടങ്ങിയ സംഘമാണ് നഗരസഭയിലെ വിവിധ വാർഡുകളിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് നടത്തിവരുന്നത്. റിട്ട. എൻജിനീയർമാർ, എൻജിനീയറിങ്ങ് മേഖലയിൽ ഇടപെടുന്നവരുടെ പ്രമുഖ സംഘടനായ ലെൻസ് ഫെഡ്‌ അംഗങ്ങൾ, സിവിൽ ബി.ടെക് വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ വിദഗ്ധ സമിതിയിലുണ്ട്. റിട്ട. എൻജിനീയറുടെ നേതൃത്വത്തിലാണ് വീടുകളുടെ കേടുപാടുകളെക്കുറിച്ച് കണക്കെടുപ്പ് നടത്തുന്നത്. ആദ്യ കണക്കെടുപ്പിനുശേഷം വിദഗ്ധർ മോശമായി നിൽക്കുന്ന വീടുകളിൽ തുടർ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കും. നഗരത്തിലെ വ്യാപാരമേഖലയിലുണ്ടായത് കോടികളുടെ നാശനഷ്ടമാണ്. വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുന്നുണ്ടെന്നും എല്ലാ രംഗത്തുള്ളവരുടെയും കൂട്ടായ പരിശ്രമങ്ങൾ കൊണ്ടാണ് ഇത്രയെങ്കിലും പ്രവർത്തനങ്ങൾ കൊടുങ്ങല്ലൂരിൽ ചെയ്‌ത് തീർക്കാൻ കഴിഞ്ഞതെന്നും നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രനും സെക്രട്ടറി ടി.കെ. സുജിത്തും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.