തൃശൂർ: കാലാവസ്ഥ വകുപ്പിനെതിരെ മുഖമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് കാ ലാവസ്ഥ വകുപ്പ്. പ്രവചനം തെറ്റിയെന്ന് മന്ത്രി പറഞ്ഞത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വാർത്താക്കുറിപ്പിൽ കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി. ഒരാഴ്ച മുമ്പും അഞ്ചുദിവസത്തിന് മുമ്പും പ്രവചനവും രണ്ട് ദിവസത്തിന് മുമ്പ് കൃത്യമായ സാധ്യതകളും വ്യക്തമാക്കിയിരുന്നതായി വകുപ്പ് പറയുന്നു. ഇവ ചീഫ് സെക്രട്ടറി, റവന്യൂ - ദുരന്ത നിവാരണ അഡീഷനൽ ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ്, നേവി, സ്പെഷൽ മറൈൻ എൻഫോഴ്സ്മെൻറ് എന്നീ വിഭാഗങ്ങൾക്കും നൽകിയിരുന്നു. ആഗസ്റ്റ് ഒമ്പതിന് കനത്ത മഴ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ ചർച്ചയും നടന്നു. സാഹചര്യത്തെക്കുറിച്ച് ഫോണിൽ അഡീഷനൽ ചീഫ് സെക്രട്ടറി കാലാവസ്ഥ അധികൃതരുമായി സംസാരിച്ചിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി 10നും തിരുവനന്തപുരം, കൊല്ലം ജില്ല കലക്ടർമാർ 14നും കാര്യങ്ങൾ അന്വേഷിച്ചിരുന്നതായും കുറിപ്പ് വ്യക്തമാക്കുന്നു. ഇടുക്കിയിൽ 14 മുതൽ പ്രബല്യത്തിൽ വരുന്ന നിലക്ക് ആഗസ്റ്റ് 12ന് റെഡ് അലർട്ട് അടക്കം നൽകി. തുടർന്ന് 14നും 15നും കേരളത്തിലെ മുഴവൻ ജില്ലകളിലും റെഡ് അല്ലെങ്കിൽ ഓറഞ്ച് അലർട്ടും നൽകി. 16ന് 24 മണിക്കൂറും മഴ പെയ്യുമെന്നും 20 സെൻറീമീറ്ററോളം മഴ െപയ്യുമെന്നും മുഴുവൻ ജില്ലകൾക്കും റെഡ് അലർട്ട് 15ന് നൽകിയിരുന്നു. അടുത്ത ദിവസം ഏഴു ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രവചിച്ചത്. ആറാം തീയതി നൽകിയ പ്രവചനത്തിൽ എട്ടാം തീയതി മുതൽ മുൻകരുതൽ എടുക്കാൻ ഓറഞ്ച് അലർട്ട് നൽകി. ഒമ്പതിന് റെഡ് അലർട്ടുമാണ് പ്രവചിച്ചത്. ആഗസ്റ്റ് 10ന് നൽകിയ പ്രവചനത്തിൽ ഇടുക്കിയിലും ആലപ്പുഴയിലും 14ന് ഓറഞ്ച് അലർട്ട് മുൻകൂട്ടി പറഞ്ഞിരുന്നു. ഇതു കൂടാതെ ഒമ്പത് മുതൽ 15 വരെ കനത്ത നിലക്കാത്ത മഴ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതിന് നൽകിയ സമാനമായ കാലാവസ്ഥ റിപ്പോർട്ട് 13 മുതൽ കേരളത്തിൽ ആകമാനം കനത്തമഴ പെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ കാലാവസ്ഥ ഓഫിസിലൂടെ കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തിയിരുന്നതിന് പിന്നാലെ ഡൽഹിയിലെ മുഖ്യ കാര്യാലയത്തിൽ നിന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ രണ്ടു മൂന്നു ദിവസങ്ങൾക്ക് മുമ്പേ നൽകുകയും ദുരന്തനിവാരണ വകുപ്പിനോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഉപദേശിച്ചതായും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു . മാധ്യമങ്ങൾ ഇവ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.