ചാവക്കാട്: ദേശീയപാതയിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ നികത്താൻ തുടങ്ങി. ടാറിങ് ബുധനാഴ്ച ആരംഭിക്കും. ചാവക്കാട്-പൊന്നാനി ദേശീയപാതയിലെ കുഴികള്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതി നിരന്തരമുയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തത് സംബന്ധിച്ച് ശനിയാഴ്ച നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പോലും രൂക്ഷ വിമർശനമാണ് ഉയർന്നത്. മണത്തല മുതൽ ജില്ല അതിർത്തിയായ കാപ്പിരിക്കാട് വരെയുള്ള ദേശീയപാതയിലെ കുഴികൾ നികത്താൻ 23.29 ലക്ഷം രൂപക്കാണ് കരാറായിട്ടുള്ളത്. മാസങ്ങൾക്ക് മുമ്പ് നടന്ന കരാറിനുശേഷം ഒരു നടപടിയുമുണ്ടായിരുന്നില്ല. കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് വികസന സമിതി യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. റോഡിലെ അറ്റകുറ്റപ്പണി തുടങ്ങാൻ നിർദേശം നൽകിയതായി ദേശീയപാത വിഭാഗം എൻജിനീയർ യോഗത്തിൽ അറിയിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് കുഴിയടക്കൽ ആരംഭിച്ചത്. മണത്തല മുതൽ കാപ്പിരിക്കാട് വരെയുള്ള റോഡിൽ നിരവധിയിടങ്ങളിലാണ് വലിയ കുഴികളുള്ളത്. ഇതേ രീതിയിലുള്ള വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഗതാഗതം പ്രയാസകരമായ ചേറ്റുവ-ചാവക്കാട് റോഡിൽ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മഴമാറുന്നതിനു മുമ്പേ നിർമാണ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കുഴിയില്‍ ചാടി നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടും മഴ പൂർണമായി മാറാൻ കാത്തിരിക്കുകയായിരുന്നു അധികൃതർ. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര, അതിർത്തി, എടക്കഴിയൂര്‍ തെക്കേ മദ്റസ, ജുമാഅത്ത് പള്ളി, കാജ, പോസ്റ്റ്, നാലാം കല്ല്, അകലാട് ഒറ്റയിനി, ഖാദരിയ, മുഹ്യിദ്ദീൻ പള്ളി വരേക്കും വിവിധ ഭാഗങ്ങളില്‍ വലിയകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ചമ്രവട്ടം പാലം വഴി വരുന്ന നൂറുകണക്കിന് ദീർഘദൂര ചരക്ക് വാഹനങ്ങൾ പതിവായി സഞ്ചരിക്കുന്നതിനാൽ ഈ മേഖലയിൽ രാത്രി അപകട സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.