'ജലബോംബിന്' കീഴെ പ്രാണഭയത്തിൽ 20 കുടുംബങ്ങൾ

തൃശൂർ: ഏതു നിമിഷവും പൊട്ടാവുന്ന 'ജലബോംബ്' പേടിച്ച് കഴിയുകയാണ് ദേശമംഗലത്തെ വളർക്കാട് ക്വാറിക്ക് താഴെ താമസിക്കുന്ന 20 കുടുംബങ്ങൾ. ഇവിടെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയും ക്രഷർ യൂനിറ്റും (ബി ആൻഡ് പി അസോസിയേറ്റ്സ്) ഇവരുടെ ജീവിതം ദുരിതപൂർണമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഹാപ്രളയവും അതിനുശേഷം ക്വാറികൾ പ്രവർത്തിക്കരുതെന്ന ഉത്തരവും ഇവിടുത്തെ ക്വാറിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. 2006ൽ പ്രവർത്തനമാരംഭിച്ച ക്വാറി രേണ്ടക്കറോളം വിസ്തൃതിയിൽ പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക നാശത്തെക്കുറിച്ചല്ല, ജീവന് ഭീഷണിയുയർത്തുന്ന അവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വളർകാട് കുന്നി‍​െൻറ പകുതി ഭാഗവും ടിപ്പറിലേറി നഗരങ്ങളിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. 12 വർഷങ്ങളായി കരിങ്കല്ല് പൊട്ടിച്ചെടുത്തതുമൂലം കുന്നി‍​െൻറ പകുതി ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. കല്ല് പൊട്ടിച്ചെടുത്ത കുഴിയിലെ കോടിക്കണക്കിന് ലിറ്റർ വെള്ളമാണ് ഇപ്പോൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ജലബോംബ് ഏതു നിമിഷവും തങ്ങളുടെ ജീവനപഹരിച്ചേക്കാം എന്ന ഭീതിയിലാണ് പ്രദേശത്തെ കുടുംബങ്ങൾ. ദേശമംഗലത്തെ ക്വാറി പ്രവർത്തിക്കുന്ന വളർക്കാട് കുന്നിന് ഏകദേശം 800 മീറ്റർ മാത്രം അകലെയാണ് ഉരുൾപൊട്ടലുണ്ടായ കൊറ്റമ്പത്തൂർ. കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം കുന്നിന് മുകളിൽ ഉണ്ടായിരുന്ന ജലസംഭരണിയാണെന്ന വാർത്ത ഇവരുടെ പേടി ഇരട്ടിയാക്കുന്നു. ഇതിനിടെ ക്വാറി ഉടമകൾ പമ്പുകളുപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമം തുടങ്ങി. പുഴ പോലെ കുന്നിൽനിന്ന് വെള്ളം വരുന്നതുകണ്ട് ക്വാറി ഇടിഞ്ഞെന്ന് പേടിച്ച് എല്ലാം ഇട്ടെറിഞ്ഞ് പ്രദേശവാസികൾ ഓടിരക്ഷപ്പെട്ടിരുന്നു. കുന്നിന് താഴെയുള്ള കൃഷിയിടത്തിൽ ക്വാറി മാലിന്യം അടിഞ്ഞതോടെയാണ് വെള്ളം പമ്പു ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർക്ക് മനസ്സിലായത്. ഇതിനെതിരെ പൊലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഉടമകളുടെ സ്വാധീനം രാഷ്ട്രീയപാർട്ടികളും ക്വാറിക്കെതിരെ ശബ്ദിക്കാൻ മടിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. മുമ്പ് സമരസമിതിയുടെ ഇടപെടൽ മൂലം ആറ് മാസത്തേക്ക് ക്വാറി പ്രവർത്തനം നിർത്തിവെപ്പിക്കാൻ കഴിഞ്ഞെങ്കിലും വീണ്ടും പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഇതോടെ സമരസമിതി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.