മുനിസിപ്പല്‍ ജങ്ഷനിലെ അടിപ്പാത നിര്‍മാണം സ്തംഭിച്ചു

ചാലക്കുടി: ദേശീയപാതയില്‍ മുനിസിപ്പല്‍ ജങ്ഷനിലെ അപകടങ്ങള്‍ക്കും ഗതാഗതപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നിർമിക്കുന്ന അടിപ്പാതയുടെ നിര്‍മാണം സ്തംഭിച്ചു. ഇതോടെ ദേശീയപാത ഈ ഭാഗം രാത്രി അപകടക്കെണിയായി മാറി. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം മാര്‍ച്ച് 25നാണ് അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്. ഏതാനും ദിവസങ്ങള്‍ മണ്ണുമാന്തി ഉപയോഗിച്ച് ചില പണികള്‍ മാത്രം നടന്നു. ഇതോടെ പണിയും നിലച്ചു. ഒരു മാസത്തിലധികമായി നിർമാണം നിശ്ചലമായി. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രാക്കില്‍ കുറച്ചു ദൂരം തകരഷീറ്റുകള്‍ മറച്ച് അടിപ്പാതക്കായി വലിയ ഗര്‍ത്തം കുഴിക്കുക മാത്രമെ നടന്നിട്ടുള്ളൂ. മഴ പെയ്തതോടെ ഇതിനുള്ളില്‍ വെള്ളം കെട്ടി കിടക്കുകയാണ്. സര്‍വിസ് റോഡ് പൂർണമായും പ്രധാനപാതയുടെ ഒരു ഭാഗവും അടച്ചുകെട്ടിയിരിക്കുകയാണ്. ഒരുഭാഗം അടച്ചുകെട്ടിയതിനാൽ വാഹനങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ പ്രയാസമാണ്. തിരക്ക് കുറവുള്ള സമയത്ത് അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ തെന്നി മറിയാന്‍ സാധ്യതയേറെയാണ്. ഉടന്‍ നിർമാണം പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടാണ് നിർമാണോദ്ഘാടനം നടന്നത്. ഏറെ അപകടങ്ങളും മരണങ്ങളും സംഭവിച്ചതോടെയാണ് ചാലക്കുടി നഗരസഭ ജങ്ഷനില്‍ അടിപ്പാത നിര്‍മാണത്തിന് ആവശ്യം ഉയര്‍ന്നത്. രണ്ടാം വട്ടമാണ് ഇതി​െൻറ നിർമാണോദ്ഘാടനം നടക്കുന്നത്. 2011ല്‍ മുന്‍ എം.പി കെ.പി. ധനപാലന്‍ താല്‍പര്യമെടുത്ത് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മാണത്തിന് തീരുമാനമായത്. 2013 ജൂണിൽ നിര്‍മാണോദ്ഘാടനം നടന്നു. ഉദ്ഘാടനത്തിന് ശേഷം മണ്ണ് പരിശോധന മാത്രമാണ് നടന്നത്. ഇടതു സര്‍ക്കാര്‍ വന്നപ്പോള്‍ ബി.ഡി. ദേവസി എം.എല്‍.എ താല്‍പര്യമെടുത്ത് പുതിയ പ്ലാന്‍ തയാറാക്കി അടിപ്പാത നിര്‍മാണം ആരംഭിക്കുകയായിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനായിരുന്നു ഇത്തവണത്തെ ഉദ്ഘാടകൻ. എത്രയും വേഗം പണികള്‍ നടക്കും എന്ന് അറിയിച്ചിരുെന്നങ്കിലും പണികള്‍ സ്തംഭിച്ചത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.