സംസ്ഥാനത്ത് വൈറോളജി കേന്ദ്രം സ്ഥാപിക്കും ^മുഖ്യമന്ത്രി

സംസ്ഥാനത്ത് വൈറോളജി കേന്ദ്രം സ്ഥാപിക്കും -മുഖ്യമന്ത്രി തൃശൂർ: സംസ്ഥാനത്ത് വൈറോളജി കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന വ്യാപാരി-വ്യവസായികളുടെയും പൗരപ്രമുഖരുടെയും സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഓഫിസുകളിൽ ഫയലുകൾ നീങ്ങുന്നില്ലെന്ന പരാതി ഇപ്പോഴും ശക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കും. കൂടുതൽ വ്യവസായ സാധ്യതകൾ തേടുകയാണ് സർക്കാറി​െൻറ ലക്ഷ്യം. മലയോര തീരദേശ ഹൈവേ, അതിവേഗ റെയിൽവേ സംവിധാനം, ദേശീയ ജലപാത എന്നിവ വരും വർഷത്തിൽ പൂർത്തീകരിക്കാവുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ശബരിമല കേന്ദ്രീകരിച്ച് അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. തൃശൂർ ജില്ലയിൽ ഓടു വ്യവസായത്തി​െൻറ പുനർജീവനം, ഗുരുവായൂർ വികസനം എന്നിവക്ക് മുൻഗണന നൽകും. ചാലക്കുടിയിലെ നിറ്റ ജലാറ്റിൻ ഫാക്ടറിയിൽ നിന്ന് പുറന്തള്ളുന്ന മാലിന്യം കടലിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കും. ചെറുകിട വ്യവസായ സംരംഭങ്ങളെ ലീഗൽ മെട്രോളജിയുടെ കീഴിൽ നിന്ന് ഒഴിവാക്കാൻ ചർച്ച നടത്തും. നെല്ല് സംഭരണത്തിനു മികച്ച രീതികൾ അവലംബിച്ച് കർഷകർക്ക് ആശ്വാസമാകുന്ന നടപടികളെടുക്കും. സംസ്ഥാനത്തെ ആശുപത്രികളിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. സർക്കാറി​െൻറ നാലു മിഷനുമായി ബന്ധപ്പെടുത്തി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന സർക്കാർ നടത്തുന്നത് അഴിമതി രഹിത ഭരണമാണെന്നും വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണയും അഭിപ്രായവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി, എം.എൽ.എമാരായ മുരളി പെരുനെല്ലി, കെ.വി. അബ്ദുൽ ഖാദർ, കൊച്ചിൻ ദേവസ്വം പ്രസിഡൻറ് ഡോ.കെ. സുദർശൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.