തീരത്ത് 'കുഴിപ്പൻ' തിരമാല രൂക്ഷം; കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി

അണ്ടത്തോട്: തീരത്ത് 'കുഴിപ്പൻ' തിരമാലയാക്രമണം രൂക്ഷമായി. കാറ്റാടി മരങ്ങളും തെങ്ങുകളും കടപുഴകി വീണു. തീരത്തേക്ക് അടിച്ചുകയറിയ തിരമാലകളിൽ പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് മേഖലയിൽ തീരഭൂമി കടൽ കവര്‍ന്നു. മേഖലയിൽ രണ്ട് ദിവസമായി തുടരുന്ന കടൽക്ഷോഭം തീരത്ത് വന്‍ നാശങ്ങളാണുണ്ടാക്കിയത്. വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ പെരിയമ്പലം ബീച്ചി​െൻറ പ്രധാനഭാഗത്തും കടൽ കയറി തീരമണ്ണ് ഒലിച്ചുപോയി. ബീച്ച് വികസന ഭാഗമായ നിര്‍മിച്ച മതിൽ കടൽക്ഷോഭത്തില്‍ തകര്‍ന്ന് കടലിലേക്ക് വീണു. ബീച്ചിലെ ശുചി മുറി, ഇരിപ്പിടം എന്നിവയും ഏത് നിമിഷവും കടലെടുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മേഖലയിൽ മികച്ച കായ് ഫലമുള്ള കൂറ്റന്‍ തെങ്ങുകളാണ് പെരിയമ്പലം ബീച്ച് മുതല്‍ തങ്ങള്‍പ്പടി, കാപ്പിരിക്കാട് തീരം വരെ കടപുഴകിയത്. തീരത്തെ മണ്ണൊലിപ്പ് തടയാൻ സോഷ്യൽ ഫോറസ്ട്രി വെച്ചുപിടിപ്പിച്ച വർഷങ്ങൾ പഴക്കമുള്ള കൂറ്റന്‍ കാറ്റാടി മരങ്ങളും വീഴ്ചയുടെ വക്കിലാണ്. മരങ്ങള്‍ കടലിലേക്ക് വീഴുന്നത് മത്സ്യ ബന്ധനം നടത്തുന്നവര്‍ക്ക് വരും നാളുകളില്‍ വന്‍ ഭീഷണിയാണ് ഉണ്ടാകാന്‍ പോകുന്നത്. മത്സ്യ ബന്ധന വഞ്ചികളും ലക്ഷങ്ങള്‍ വിലയുള്ള വലകളും നശിക്കാന്‍ കടലില്‍ വീണ മരത്തടികള്‍ കാരണമാകും എന്ന ആശങ്കയിലുമാണ് മത്സ്യ തൊഴിലാളികള്‍. ശക്തമായ കുഴിപ്പന്‍ തിരമാലകളാണ് തീരം കവരാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.