കടവല്ലൂർ ഗവ: സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നിർമാണോദ്ഘാടനം ഇന്ന് കുന്നംകുളം: നിയോജക മണ്ഡലത്തിലെ രാജ്യാന്തര നിലവാരമുള്ള ആദ്യ സ്കൂളായി മാറ്റുന്ന കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. 118 വർഷം പഴക്കമുള്ള ഈ സ്കൂളിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് നിർമാണം പൂർത്തീകരിക്കുക. എട്ട് കോടി രൂപ െചലവ് വരുന്ന ആദ്യഘട്ടം ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ പി.സതീശൻ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ അക്കാദമിക് ബ്ലോക്ക് സ്ഥാപിക്കും ഇതോടെ ഹൈടെക് ക്ലാസ് മുറികൾ ലാബുകൾ, വായനമുറി, പ്രവൃത്തി പരിചയ ലാബ് എന്നിവ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ ഓഡിറ്റോറിയം, മെസ് ഹാൾ, കളിക്കളം എന്നിവയും നിർമിക്കും. മാലിന്യ സംസ്കരണ പ്ലാൻറ് കിണർ റീചാർജിങ്, മഴവെള്ള സംഭരണി, സൗരോർജ പ്ലാൻറ്, ജൈവ വൈവിധ്യ പാർക്ക് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തും. ഈ പ്രവൃത്തികളുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. പി.കെ. ബിജു എം.പി അധ്യക്ഷത വഹിക്കും. ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനറായ പ്രിൻസിപ്പൽ കെ.എം. ആരിഫ, പി.ടി.എ പ്രസിഡൻറ് എം. അച്യുതൻ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് പി.ഐ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.