സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്

തൃശൂർ: തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് രണ്ട് പുതുമുഖങ്ങളടക്കം ആറ് പേര്‍. നിലവിലുണ്ടായിരുന്ന കെ.പി. രാജേന്ദ്രന്‍, സി.എന്‍. ജയദേവന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജന്‍ എന്നിവര്‍ക്ക് പുറമെ, എ.കെ. ചന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരാണ് 21അംഗ എക്‌സിക്യൂട്ടീവിലെ തൃശൂരുകാര്‍. നിലവില്‍ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ സെക്രട്ടറിയായിരുന്നു മുന്‍ ജില്ല സെക്രട്ടറിയും മാള എം.എല്‍.എയുമായിരുന്ന എ.കെ. ചന്ദ്രന്‍. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ പി.കെ. കൃഷ്ണനെ ഒഴിവാക്കിയാണ് ഫെഡറേഷന്‍ പ്രസിഡൻറായ എ.കെ. ചന്ദ്രനെ തെരഞ്ഞെടുത്തത്. ജനയുഗം പത്രാധിപരായ രാജാജി മാത്യു തോമസ് ഒല്ലൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടി കേന്ദ്രമെന്ന നിലയില്‍ കൊല്ലം, തൃശൂര്‍ ജില്ല സെക്രട്ടറിമാര്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളാവുന്ന പതിവുണ്ടായിരുന്നു. എ.കെ. ചന്ദ്രന്‍ തൃശൂര്‍ ജില്ല സെക്രട്ടറിയായിരിക്കെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, പിന്നീട് ആ കീഴ്‌വഴക്കം സി.പി.ഐ ഉപേക്ഷിച്ചു. കെ.പി. രാജേന്ദ്രനും സി.എന്‍. ജയദേവനും ദേശീയ കൗണ്‍സില്‍ അംഗങ്ങൾ കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.