തൃശൂർ: സുജിക്ക് ജീവിക്കാം... കെട്ടകാലമെന്ന അധിക്ഷേപത്തിനിടയിലും സ്നേഹവും കരുണയും വറ്റിയിട്ടില്ലാത്ത നന്മകളുള്ള സമൂഹം ഇപ്പോഴുമുണ്ട് ചുറ്റും. ട്രാൻസ്െജൻഡർ ആയതിെൻറ പേരിൽ കുടുംബാംഗങ്ങളുടെയും സമൂഹത്തിെൻറയും ഒറ്റപ്പെടുത്തലും തൊഴിലില്ലാത്തതിനാൽ പട്ടിണി കിടന്നും മടുത്ത് ഒടുവിൽ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ നൽകിയ സുജിക്ക് (സുജിത്ത്കുമാർ) സംരക്ഷണവും തൊഴിലും മറ്റു സഹായങ്ങളുമായി പൊതുസമൂഹത്തിെൻറ പിന്തുണ. 'മാധ്യമം' വാർത്ത സ്വമേധയ പരിഗണിച്ച മനുഷ്യാവകാശ കമീഷൻ വിഷയത്തിൽ സാമൂഹികനീതി ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സാഹചര്യം ഗൗരവമാണെന്ന് വിലയിരുത്തിയാണ് കമീഷൻ നടപടി. സുജിത് കുമാറിന് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച ജോലിയും താമസവും ഒരുക്കാന്‍ ചാരിറ്റബ്ൾ സൊസൈറ്റി സന്നദ്ധത അറിയിച്ചതായി കലക്ടര്‍ ഡോ. എ. കൗശിഗൻ അറിയിച്ചിട്ടുണ്ട്. സുജിക്ക് സഹായങ്ങളും സംരക്ഷണവുമായി 'മാധ്യമ'ത്തിെൻറ വിവിധ ഓഫിസുകളിലേക്കും സുജിക്ക് നേരിട്ടും നിരവധി വിളിയെത്തി. വാർത്ത സമൂഹമാധ്യമങ്ങളിൽ ഷെയർചെയ്തും നിരവധിയാളുകൾ സഹായ വാഗ്ദാനം അറിയിക്കുന്നുണ്ട്. സുജിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും തൊഴിൽ നൽകുമെന്നും സാമൂഹിക പ്രവർത്തകയായ ഉമ പ്രേമൻ ഡയറക്ടറായുള്ള ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെൻറർ അറിയിച്ചു. സുജിയെ ഏറ്റെടുക്കാമെന്നും തൊഴിൽ നൽകുമെന്നും കൊല്ലം പത്താനപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും അറിയിച്ചു. തൊഴിൽ സൗകര്യമൊരുക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡൻറ് ജാസ്മിൻഷ അറിയിച്ചു. സാമ്പത്തിക സഹായം എത്തിക്കാൻ ശ്രമിച്ചുവെങ്കിലും തൊഴിലാണ് വേണ്ടതെന്ന് സുജി അറിയിക്കുകയായിരുന്നു. വിവിധ ആശുപത്രികളുമായി സംസാരിച്ചതിൽ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞു. ബി.എസ്സി നഴ്സിങ് പൂർത്തിയാക്കി വിദേശത്തേക്ക് പോയെങ്കിലും ട്രാൻസ്ജെൻഡർ ആയതിനാൽ സുജിയെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. നാട്ടിലെത്തിയെങ്കിലും അച്ഛനും അമ്മയും മരിച്ചതിനാൽ സഹോദരങ്ങൾക്കൊപ്പമാണ്. ട്രാൻസ്ജെൻഡറായതുകൊണ്ട് ഇവരും ഒറ്റപ്പെടുത്തി. ആരും തൊഴിൽ നൽകാത്തതിനാൽ പട്ടിണികിടന്ന് മടുത്തതിനാൽ അന്തസ്സോടെ മരിക്കാൻ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വലപ്പാട് എടമുട്ടം സ്വദേശി സുജി കലക്ടർക്ക് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.