ചാലക്കുടി: നിയോജക മണ്ഡലം യു.ഡി.എഫിന് ചെയർമാൻ, കൺവീനർ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നു. മണ്ഡലം കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണ്. ഏതാനും ദിവസം മുമ്പ് രാജിെവച്ച ചാലക്കുടി നിയോജക മണ്ഡലം ചെയർമാൻ എബി ജോർജിന് പകരക്കാരനെ കണ്ടെത്തിയിട്ടില്ല. നേരത്തെ യു.ഡി.എഫിൽ കൺവീനർ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. കുറച്ചുനാളുകളായി കൺവീനർ വാഴാത്ത അവസ്ഥയാണ്. ആദ്യം സി.എം.പിയിലെ പി.പി. പോൾ ആയിരുന്നു കൺവീനർ. എന്നാൽ സി.എം.പി ഇടതു മുന്നണിയിലേക്ക് ചേക്കേറിയതോടെ അദ്ദേഹം രാജിവെച്ചു. തുടർന്ന് ജനതാദളിലെ എം.സി. ആഗസ്തിക്ക് കൺവീനർ സ്ഥാനം ലഭിച്ചു. ജനതാദളും ഇടതുമുന്നണിയിലേക്ക് മാറിയതോടെ കൺവീനർ സ്ഥാനം വീണ്ടും ഒഴിവായി. അത് നികത്തപ്പെടാതെ കിടക്കുമ്പോഴാണ് ചെയർമാൻ സ്ഥാനം കോൺഗ്രസ് നേതാവ് എ.ബി. ജോർജ് രാജിെവച്ചത്. നേരത്തെ തന്നെ എബി ഈ സ്ഥാനം രാജിെവച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു. എന്നാൽ വീണ്ടും കുറച്ച് നാളുകൾക്ക് ശേഷം ചെയർമാൻ സ്ഥാനം അദ്ദേഹം ആരോടും ആലോചിക്കുക പോലും ചെയ്യാതെ രാജിെവച്ചു. ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജി വാർത്ത അദ്ദേഹം അറിയിച്ചത്. കൺവീനർ സ്ഥാനം ലഭിക്കാൻ ഘടക കക്ഷിയായ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ചെയർമാൻ സ്ഥാനം കോൺഗ്രസിന് തന്നെ അവകാശപ്പെട്ടതാണ്. കോൺഗ്രസിലെ ഗ്രൂപ്പ് സമവായങ്ങളിലൂടെ പുതിയ ചെയർമാനെ കണ്ടെത്തുകയെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സംസ്ഥാന -കേന്ദ്ര സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 26ന് പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കേ ചാലക്കുടിയിലെ യു.ഡി.എഫിന് നേതൃത്വം ഇല്ലെന്നത് പ്രതിസന്ധിയായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.