ചാലക്കുടി: ജില്ല ആസൂത്രണ സമിതിയെ പഞ്ചായത്ത് സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചതായും പഞ്ചായത്തീരാജ് നിയമം ലംഘിച്ചതായും ആരോപിച്ച് പരിയാരം പഞ്ചായത്ത് യോഗത്തില്‍നിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. ആറ് യു.ഡി.എഫ് അംഗങ്ങളാണ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. 15ാം വാര്‍ഡിലെ റോഡ് അറ്റകുറ്റപ്പണിക്ക് വികസന ഫണ്ട് അനുവദിക്കാതിരുന്നതിനെ കുറിച്ച് ജില്ല ആസൂത്രണ സമിതി ചെയര്‍മാന്‍, കലക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് തുടങ്ങിയവർക്ക് പഞ്ചായത്തംഗം കെ.ടി. വര്‍ഗീസ് പരാതി നൽകിയിരുന്നു. ഇതിന് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതില്‍ 15ാം വാര്‍ഡില്‍ തകര്‍ന്ന റോഡുകള്‍ ഇല്ലായിരുന്നുവെന്ന മറുപടിയാണ് നല്‍കിയത്. ഇതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. എല്‍.എസ്.ജി.ഡി അസി. എൻജിനീയര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. എങ്കില്‍ ആ റിപ്പോര്‍ട്ട് യോഗത്തില്‍ ഹാജരാക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഭരണപക്ഷത്തിന് അത് ഹാജരാക്കാന്‍ സാധിച്ചില്ല. ഇതോടെ എല്‍.എസ്.ജി.ഡി അസി. എൻജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും സെക്രട്ടറി അസത്യം പറയുകയാണെന്നും ആരോപിച്ച് ബഹളമായി. തെറ്റിദ്ധാരണ പരത്തിയ സെക്രട്ടറിയുടെ പേരില്‍ നടപടി എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.