പുന്നയൂർകുളത്ത്​ തണ്ണീര്‍തടങ്ങൾക്ക്​ മരണമണി

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ കടിക്കാട്, പുന്നയൂർക്കുളം വില്ലേജുകളിൽ തണ്ണീർതടങ്ങൾ നികത്തൽ വ്യാപകം. നാക്കോലയിൽ വില്ലേജ് ഓഫിസര്‍ നല്‍കിയ സ്റ്റോപ് മെമ്മോക്ക് പുല്ലുവില കൽപ്പിച്ച് പാടം നികത്തി പറമ്പാക്കി. കടിക്കാട് വില്ലേജ് പരിധിയിൽ നാക്കോല-അണ്ടത്തോട് റോഡിലും പനന്തറ, നാക്കോല, ചെറായി, പുന്നയൂർക്കുളം വില്ലേജ് പരിധിയിൽ ചമ്മന്നൂര്‍, ആല്‍ത്തറ-നാലപ്പാട്ട് റോഡ് മേഖലയിലുമാണ് തണ്ണീർതടങ്ങളും പാടങ്ങളും മണ്ണിട്ടു നികത്തുന്നത്. മേഖലയിൽ ഒരു മാസത്തിനിടെ ഒട്ടേറെ തണ്ണീര്‍തടങ്ങളാണ് വ്യക്തികള്‍ നികത്തിയത്. നാട്ടുകാര്‍ കലക്ടര്‍ക്കും ആര്‍.ഡി.ഒക്കും പരാതി നല്‍കി. നാക്കോലയില്‍ ഞായറാഴ്ചയിലെ പൊതുഅവധി മുതലാക്കിയാണ് തണ്ണീർതടം നികത്താന്‍ ആരംഭിച്ചത്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ എത്തി നികത്തല്‍ നിര്‍ത്തിെവക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം പോയതിനു പിന്നാലെ വീണ്ടും മണ്ണ് അടിച്ച് നിലം നികത്തുകയായിരുന്നു. കുന്നുകളായി കൂട്ടിയ മണ്ണ് തിങ്കളാഴ്ച പുലര്‍ച്ചെ മണ്ണ് മാന്തി യന്ത്രം എത്തിച്ചാണ് നിരപ്പാക്കിയത്. ഇതിനടുത്തുള്ള നിലവും കഴിഞ്ഞ ചില മാസങ്ങളായി അൽപാൽപ്പം നികത്തിക്കൊണ്ടിരിക്കുകയാണ്. പരിസരത്ത് നിര്‍മാണം നടക്കുന്ന ഒരു വീടി​െൻറ അവശിഷ്ടങ്ങളാണ് നികത്താനായി ഉപയോഗിക്കുന്നത്. മേഖലയിൽ വ്യാപകമായി തുടരുന്ന നികത്തലിനെതിരെ മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാരുടെ പരാതിയിൽ കൃഷി, റവന്യൂ ഉദ്യോഗസ്ഥർ എടുത്ത നടപടിക്ക് ഫലപ്രാപ്തിയുണ്ടായില്ല. പുന്നയൂർക്കുളം പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തില്‍ മൗനത്തിലാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മൂന്ന് മാസം മുമ്പ് പനന്തറയില്‍ വില്ലേജ് ഓഫിസറുടെ നിരോധന ഉത്തരവ് ലംഘിച്ച് ലോഡ് കണക്കിന് മണ്ണാണ് കൂട്ടിയിട്ടിട്ടുള്ളത്. ഇവിടെ നേരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ നികത്തല്‍ തടഞ്ഞെങ്കിലും പിന്നീട് പിന്‍മാറിയതായും ആക്ഷേപമുയർന്നിട്ടുണ്ട്. പനന്തറയില്‍ വിവാഹ മണ്ഡപം നിര്‍മിക്കുന്നതിനു സമീപത്തെ കുളവും നികത്താനുള്ള ഒരുക്കത്തിലാണ്. കുളത്തിനു ചുറ്റും മണ്ണ് കൂട്ടിയിട്ട് കുളത്തിലേക്ക് കുറേശെ നിരക്കിയാണ് നികത്തല്‍ നടക്കുന്നത്. ചെറായിയില്‍ കോണ്‍ഗ്രസ് നേതാവി​െൻറ ഒത്താശയിലാണ് കുളം ഒറ്റ രാത്രി കൊണ്ട് നികത്തിയത്. ഇവിടെയും നേരത്തെ നിരോധന ഉത്തരവ് നല്‍കിയിരുന്നതാണ്. വില്ലേജ് പരിധിയിലെ നികത്തലിനെതിരെ നടപടി എടുത്തതായി വില്ലേജ് ഓഫിസര്‍ പി.വി. ഫൈസല്‍ അറിയിച്ചു. പെട്ടന്നുള്ള നികത്തിലിനേക്കാള്‍ കുറേശെ മണ്ണ് അടിച്ച് സാവധാനമുള്ള നികത്തലാണ് കൂടുതലും നടക്കുന്നത്. ഇത്തരം നികത്തലുകള്‍ സംബന്ധിച്ച് ആർ.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഫൈസൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.