കുന്നംകുളം: സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മത്സരാർഥികൾക്ക് വ്യാജ അപ്പീൽ നിർമിച്ചുകൊടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കോടതിയിൽ കുഴഞ്ഞുവീണു. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സതികുമാറാണ് തിങ്കളാഴ്ച കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ പ്രതിക്കൂട്ടിൽ കുഴഞ്ഞുവീണത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ ജയിലിൽ നിന്നാണ് തൃശൂർ ക്രൈംബ്രാഞ്ച് ഇയാളെ കുന്നംകുളം കോടതിയിൽ ഹാജരാക്കിയത്. ഇത്തവണ ചിറ്റിലപ്പിള്ളിയിൽ നടന്ന സി.ബി.എസ്.ഇ കലോത്സവത്തിനും ഇയാൾക്കെതിരെ സമാന കേസുണ്ടായിരുന്നു. കേസ് അന്വേഷിച്ചിരുന്ന പേരാമംഗലം പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇതേത്തുടർന്ന് കസ്റ്റഡിയിലെടുക്കാനാണ് കുന്നംകുളത്ത് കൊണ്ടുവന്നത്. കണ്ണൂർ പൊലീസാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. മജിസ്ട്രേറ്റിന് മുന്നിലെത്തിയതോടെ ഇയാൾ കുഴഞ്ഞുവീണു. തിങ്കളാഴ്ച ഉച്ചക്ക് 12.15 ഓടെയായിരുന്നു സംഭവം. തുടർന്ന് പൊലീസിെൻറ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒരു പ്രയാസവും ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പിന്നീട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. ചോദ്യംചെയ്ത് വിയ്യൂർ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.