തൃശൂർ: സി.പി.എമ്മിെൻറ കണ്ണൂരിലെ പ്രമുഖ നേതാവുമായി ബി.ജെ.പിയുടെ തൃശൂർ ജില്ല സെക്രട്ടറിക്ക് അടുത്ത ബന്ധം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നൽകാൻ ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷിനോട് ആർ.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടു. തൃശൂരിലെ പ്രമുഖ ദേവസ്വം ഭാരവാഹി ബി.ജെ.പി പ്രസിഡൻറ് കുമ്മനം രാജശേഖരന് നൽകിയ പരാതിയിലാണ് ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി ജില്ല പ്രസിഡൻറിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒരു വിവാദ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ജില്ല സെക്രട്ടറി ദേവസ്വത്തിെൻറ ഉടമസ്ഥതയിലുള്ള കെട്ടിട സമുച്ചയത്തിൽ ആഡംബര ഹോട്ടൽ നടത്തുന്നുണ്ട്. പ്രതിമാസം ഏഴ് ലക്ഷം രൂപയാണ് വാടക. ഇത് കുടിശ്ശികയായി. വാടകകുടിശ്ശിക ഒരു കോടി കവിഞ്ഞപ്പോൾ ഹോട്ടലുടമയായ നേതാവിന് പണം ആവശ്യപ്പെട്ട് ദേവസ്വം കത്ത് നൽകി. കഴിഞ്ഞ ദിവസം, ദേവസ്വവുമായി ബന്ധമുള്ള തൃശൂരിലെ പ്രമുഖ പ്രവാസി വ്യവസായിയുടെ വീട്ടിലേക്ക് ഇക്കാര്യം ചർച്ച ചെയ്യാൻ ദേവസ്വം ഭാരവാഹിയെ വിളിച്ചുവരുത്തി. ഇവിടെ തൃശൂരിൽ നിരവധി താൽപര്യങ്ങളുള്ള കണ്ണൂരിലെ സി.പി.എം നേതാവും ബി.ജെ.പി ജില്ല സെക്രട്ടറിയും ഉണ്ടായിരുന്നു. പ്രശ്നത്തിലിടപെട്ട സി.പി.എം നേതാവ് ബി.ജെ.പി ജില്ല സെക്രട്ടറിക്ക് വേണ്ടി വാദിച്ചപ്പോൾ ദേവസ്വം ഭാരവാഹി അമ്പരന്നു. ഹോട്ടൽ ഒഴിപ്പിക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞ സി.പി.എം നേതാവ് പണം നൽകാൻ സാവകാശം കൊടുക്കണമെന്ന് നിർദേശിച്ചത്രെ. ഇതോടെ, ഭരണസമിതി യോഗത്തിൽ കാര്യം അറിയിച്ച് മറുപടി നൽകാമെന്ന് പറഞ്ഞ് ദേവസ്വം ഭാരവാഹി മടങ്ങി. ദേവസ്വം ഭാരവാഹി ബി.ജെ.പി നേതാക്കളെ ഫോണിൽ ഇക്കാര്യം അറിയിച്ചതോടൊപ്പം സംസ്ഥാന പ്രസിഡൻറിന് രേഖാമൂലം പരാതിയും നൽകി. കുമ്മനം രാജശേഖരൻ പരാതി ജില്ലയിലെ ആർ.എസ്.എസ് നേതൃത്വത്തിന് വിട്ടു. ഇതിലാണ് ജില്ല പ്രസിഡൻറ് എ. നാഗേഷിനോട് വിശദീകരണം തേടിയിരിക്കുന്നത്. പണം നൽകി പ്രശ്നം അവസാനിപ്പിക്കാനും സി.പി.എം നേതാവുമായുള്ള ജില്ല സെക്രട്ടറിയുടെ ബന്ധം അന്വേഷിക്കാനും ജില്ല പ്രസിഡൻറിനോട് ആർ.എസ്.എസ് നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം വിശദീകരണം വേണമെന്നാണ് ആർ.എസ്.എസിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.