വടക്കാഞ്ചേരി: ഓട്ടുപാറ നഗരഹൃദയത്തിൽ വയോധിക കുടുംബത്തിന് സ്വന്തമായി വീടും ഭൂമിയും ഉണ്ടായിട്ടും അധികൃതരുടെ കണക്കിൽ ഇവർ ഭൂ-ഭവന രഹിതർ. റീ സർവേ കഴിഞ്ഞതോടെയാണ് 75 വർഷം കൈവശമിരുന്ന ഭൂമി ഇവരുടേതല്ലാതായി മാറി. സംസ്ഥാന പാതയോട് ചേർന്ന് ഓട്ടുപാറ ജില്ല ആശുപത്രിക്ക് സമീപം താമസിക്കുന്ന കുണ്ടുപറമ്പിൽ വീട്ടിൽ യൂസഫ് (73) ഭാര്യ സഫിയയുമാണ് അധികൃതരുടെ അനാസ്ഥയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രേഖകളെല്ലാം കൈവശമുണ്ടായിട്ടും റവന്യൂ ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ച പരിഹരിക്കാൻ യൂസഫ് കയറിയിറങ്ങാത്ത ഓഫിസുകളില്ല. 2013 വരെ സ്ഥലത്തിന് നികുതി അടച്ചിരുന്നതാണ്. നഗരസഭയിൽ ഇപ്പോഴും വീടിന് കെട്ടിട നികുതി അടക്കുകയും ചെയ്യുന്നു. 2014 മുതൽ ഭൂനികുതി അടക്കാൻ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് യൂസഫ് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ചുറ്റുമുള്ള വീടുകൾക്കും സ്ഥലത്തിനും ഇല്ലാത്ത പ്രശ്നങ്ങൾ തങ്ങളുടെ ഭൂമിക്കെന്താണെന്ന് ചോദിക്കുമ്പോൾ ഉത്തരമില്ല ഉദ്യോഗസ്ഥർക്ക്. ഏഴരപ്പതിറ്റാണ്ട് താമസിച്ച വീട്ടിൽ കുടിയിറക്ക് ഭീഷണിയില്ലാതെ താമസിക്കാൻ നിയമനടപടിക്കൊരുങ്ങുകയാണ് 75 വയസ്സിലും ടാക്സി വാഹനം ഓടിച്ച് ജീവിക്കുന്ന യൂസഫ്. ഭൂരേഖ തഹസിൽദാർ ഇല്ലാതെ തലപ്പിള്ളി താലൂക്ക് ഓഫിസ് വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ഓഫിസിൽ ഭൂമി സംബന്ധമായ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ (ഭൂരേഖ തഹസിൽദാർ) ഇല്ലാതായിട്ട് ഒന്നര മാസം പിന്നിട്ടു. ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നു. താലൂക്ക് ഓഫിസ് നാഥനില്ല കളരിയായെന്നാണ് ആക്ഷേപം. ഭൂരേഖ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ പൊതുജനം വലയുകയാണ്. അപേക്ഷ സംബന്ധിച്ചുള്ള വിവരം തേടിയെത്തുന്നവരോട് കലക്ടറേറ്റിൽ പരാതി പറയാനാണ് ഉദ്യോഗസ്ഥർ ഉപദേശിക്കുന്നത്. കലക്ടറേറ്റിലെ റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർക്ക് തലപ്പിള്ളി ഭൂരേഖ തഹസിൽദാരുടെ അധിക ചുമതല നൽകിയെങ്കിലും ചുമതലയേറ്റെടുത്ത അന്നു തന്നെ സ്വന്തം ഓഫിസിലേക്ക് അദ്ദേഹം മടങ്ങി. ഒരു വർഷത്തിനിടെ ഈ തസ്തികയിൽ പത്തിലധികം പേർ ചുമതലയേറ്റെടുത്ത് സ്ഥലം മാറി പോവുകയും ലീവിൽ പോവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.