അഗളി: അട്ടപ്പാടി അതിർത്തിയോട് ചേർന്ന പ്രദേശത്ത് തമിഴ്നാട് വ്യാപകമായി വനഭൂമി കൈയേറുന്നു. 8000 ഹെക്ടറോളം ഭൂമിയാണ് കൈയേറിയത്. ഷോളയൂർ പെരുമാൾമുടി ഭാഗത്താണ് ഏറ്റവുമധികം കൈയേറ്റം. പെരുമാൾമുടി മുതൽ ചേമ്പ്ക്കര വരെയുള്ള ഭാഗത്ത് കേരളം സ്ഥാപിച്ച അതിർത്തിക്കല്ലുകൾ പിഴുതുമാറ്റി തമിഴ്നാട് വനഭൂമിയോട് ചേർത്തു. കൈയേറ്റം സംബന്ധിച്ച് വിവരം പലതവണ വനപാലകരെ അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിെല്ലന്ന് ആദിവാസികൾ പറയുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ആടുമാടുകൾ തമിഴ്നാട് കൈയേറിയ പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് അധികൃതർ കർശനമായി വിലക്കിയിട്ടുണ്ട്. പലപ്പോഴും ആദിവാസികളിൽനിന്ന് പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. 2003 മുതലാണ് അതിർത്തി മേഖലയിലെ തമിഴ്നാട് കൈയേറ്റം ശ്രദ്ധയിൽപ്പെടുന്നത്. 5000 ഹെക്ടർ വനഭൂമി തമിഴ്നാട് കൈവശപ്പെടുത്തിയതായി അന്ന് വനം വകുപ്പ് വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് അന്നത്തെ വനം മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മേഖല സന്ദർശിക്കുകയും സംയുക്ത സർവേ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും തിങ്കളാഴ്ച പ്രദേശം സന്ദർശിക്കുമെന്നും മണ്ണാർക്കാട് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.