ഗുരുവായൂർ: മഴയൊന്ന് കനത്ത് പെയ്താൽ, കാറ്റൊന്ന് ആഞ്ഞ് വീശിയാൽ ഗുരുവായൂർ അഗ്നിശമന സേനയുടെ ഉള്ളിൽ തീയാണ്. ഇത്തരം ഘട്ടങ്ങളിൽ പലയിടങ്ങളിൽ നിന്നായെത്തുന്ന വിളികളല്ല കാരണം-തങ്ങളുടെ ഓഫിസ് കെട്ടിടത്തിെൻറ അവസ്ഥയാണ്. ഗുരുവായൂരിലെ അഗ്നിശമന സേനയുടെ ആസ്ഥാനം മരണക്കെണിയായിട്ട് വർഷങ്ങളായി. പൊതുജനങ്ങളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ പായുന്ന അഗ്നിശമന സേനാംഗങ്ങളുടെ ജീവന് അധികൃതർ വില കൽപിക്കുന്നില്ല. 'ഈ മഴക്കാലത്ത് ഞങ്ങൾ ടാർപോളിൻ കെട്ടി പുറത്ത് കിടക്കും. കുടുംബവും കുട്ടികളുമെല്ലാമുള്ളവരാണ് ഞങ്ങളും'- ഒരു അഗ്നിശമന സേനാംഗം പറഞ്ഞു. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന കെട്ടിടത്തിൽ ഇവർ കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കിഴക്കെനടയിലെ ദേവസ്വം കെട്ടിടത്തിലാണ് ഫയർ ഫോഴ്സ് പ്രവർത്തിക്കുന്നത്. കണ്ണായ സ്ഥലമായതുകൊണ്ട് ഫയർ ഫോഴ്സിനെ പുകച്ച് ചാടിച്ച് അവിടെ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനാണ് മുൻദേവസ്വം ഭരണസമിതി ശ്രമിച്ചത്. പല തവണ നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് ഒഴിപ്പിക്കലുണ്ടായില്ല. കെട്ടിടത്തിെൻറ ശോച്യാവസ്ഥ പരിഹരിക്കാനും നടപടി ഉണ്ടായില്ല. ജീവഭയത്താൽ അഗ്നിശമന സേന കെട്ടിടം ഉപേക്ഷിച്ചു പോകട്ടെ എന്നതായിരുന്നു നയം. പുതിയ ഭരണസമിതിയും ഇക്കാര്യത്തിൽ നടപടിക്ക് മുതിർന്നിട്ടില്ല. കിഴക്കെനടയിൽ മഞ്ജുളാലിന് സമീപത്തുള്ള ഫയർ സ്റ്റേഷനിൽ കയറണമെങ്കിൽ ഹെൽമറ്റ് ധരിക്കണം. എപ്പോഴാണ് മേൽക്കൂരയിലെ ദ്രവിച്ച പ്ലാസ്റ്ററിങ്ങും ഇരുമ്പ് കമ്പികളുമെല്ലാം തലയിൽ വീഴുക എന്നറിയില്ല. ശുചിമുറിയിൽ പോലും ഇതാണ് അവസ്ഥ. കോൺക്രീറ്റ് തൂണുകൾ ചരിഞ്ഞിട്ടുണ്ട്. ചുമരിൽ തൊട്ടാൽ ഷോക്കടിക്കും. മഴയത്ത് കുട ചൂടിയാലും ഓഫിസിനകത്ത് ഇരിക്കാനാവില്ല. അത്രക്കുണ്ട് ചോർച്ച. രണ്ട് വർഷം മുമ്പ് വിശ്രമ മുറിയിൽ ഉറങ്ങിക്കിടന്ന ഫയർമാെൻറ തലയിൽ പ്ലാസ്റ്ററിങ് അടർന്ന് വീണത് മറക്കാറായിട്ടില്ല. എട്ട് തുന്നലിട്ടു. പലവട്ടം പ്ലാസ്റ്ററിങ് അടർന്ന് വീണെങ്കിലും ആരുടെയോ ഭാഗ്യം മൂലം അപകടം ഉണ്ടായില്ല. ഗുരുവായൂർ ഫയർ ഫോഴ്സിന് പുതിയ ആസ്ഥാനം നിർമിക്കുമെന്ന് 2005 മുതൽ കേൾക്കുന്നതാണ്. രൂപരേഖ വരെ തയാറാക്കി. പല തവണ ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. ക്ഷേത്ര ദർശനം നടത്തിയതല്ലാതെ ഒരടിപോലും മുന്നോട്ട് പോയില്ല. അറ്റകുറ്റപ്പണി ചെയ്ത് തരണമെന്ന അഭ്യർഥന ദേവസ്വം അവഗണിച്ചു. ജീവൻ പണയം വെച്ച് ചെയ്യുന്ന ജോലിയാണ് അഗ്നിശമന സേനയുടേതെങ്കിലും ഓഫിസിനകത്ത് തന്നെ ജീവൻ പണയം വെക്കേണ്ടുന്ന സാഹചര്യത്തിൽ ഇവിടെ ജോലി ചെയ്യാൻ പലരും മടിക്കുകയാണ്. അതിനാൽ തന്നെ ആവശ്യത്തിന് അംഗബലമില്ലെന്ന ഗുരുവായൂരിലെ അഗ്നിശമന സേന ഓഫിസിലെ പരിദേവനത്തിന് ഒരിക്കലും അറുതിയുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.