തൃശൂര്‍: എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കൂടിയെങ്കിലും ജില്ല സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തായി. ഇക്കുറി 98.89 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം 97.24 ശതമാനത്തോടെ സംസ്ഥാനത്ത് നാലാം സ്ഥാനമായിരുന്നു. 100 ശതമാനം യോഗ്യത നേടിയ സ്കൂളുകളും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണവും കൂടി. ജില്ലയിൽ 18,174 ആൺകുട്ടികളും 18,133 പെൺകുട്ടികളുമടക്കം 36,307 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 17,883 ആൺകുട്ടികളും 18,020 പെൺകുട്ടികളും അടക്കം 35,903 പേർ ഉപരിപഠനത്തിന് യോഗ്യരായി. 2,834 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 164 സ്കൂളുകളിലെ നൂറുശതമാനം വിദ്യാർഥികളും ഉപരിപഠന യോഗ്യത നേടി. വിദ്യാഭ്യാസ ജില്ലകളിൽ തൃശൂരും ഇരിങ്ങാലക്കുടയും 99 ശതമാനത്തോടെ ഒപ്പത്തിനൊപ്പം വന്നപ്പോൾ ചാവക്കാട്ട് 98 ശതമാനം വിജയം നേടി. കൂടുതൽ വിദ്യാർഥികളുള്ള ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 14,919 കുട്ടികളിൽ 14,631 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇരിങ്ങാലക്കുടയിൽ 10,937ൽ 10,874 , തൃശൂരിൽ 10,451ൽ 10,398 എന്നതാണ് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം. ജില്ലയിലെ 264 സ്കൂളുകളിൽ 164 ഉം നൂറുശതമാനത്തിലെത്തി. 85 സ്കൂളുകൾ വീതമുള്ള ഇരിങ്ങാലക്കുട, തൃശൂർ വിദ്യാഭ്യാസ ജില്ലകളിൽ 58, 56 ക്രമത്തിലും 94 സ്കൂളുകളുള്ള ചാവക്കാട്ട് 50 എണ്ണത്തിലുമാണ് നൂറു ശതമാനം യോഗ്യത. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരിൽ പെൺകുട്ടികളാണ് മുന്നിൽ. എ പ്ലസ് ലഭിച്ച 2,834 വിദ്യാർഥികളിൽ 2007 പേർ പെൺകുട്ടികളാണ്. എയ്ഡഡ് മേഖലയിൽ 2006, സർക്കാർ സ്കൂളുകളിൽ 265, അൺ എയ്ഡഡ് വിഭാഗത്തിൽ 563 എന്ന നിലയിലാണ് എ പ്ലസ് നേടിയവരുടെ എണ്ണം. കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ എരുമപ്പെട്ടി ഗവ.എച്ച്.എസ്.എസിൽ 94.5 ശതമാനമാണ് വിജയം. 654ൽ 618 പേർ ഉപരിപഠനത്തിന് അർഹരായി. കുറച്ചു കുട്ടികൾ പരീക്ഷക്കിരുന്ന ചാവക്കാട് ഗവ.ആർ.എഫ്.ടി.എച്ച്.എസ്, അയ്യന്തോൾ ജി.വി എച്ച്.എസ്.എസ് എന്നിവയിൽ ഒരാൾ വീതമാണ് യോഗ്യത നേടാഞ്ഞത്. യഥാക്രമം എഴ്, എട്ട് പേരാണ് ഇൗ സ്കൂളുകളിൽ പരീക്ഷയെഴുതിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുന്നംകുളം ജി.എച്ച്.എസ് ഫോര്‍ ഡഫ്, ഒല്ലൂർ പടവരാട് ആശഭവന്‍ ഹൈസ്കൂൾ ഫോര്‍ ദി ഡഫ്, അയ്യന്തോൾ അമൃത സ്പീച്ച് ആൻഡ് ഹിയറിങ് ഇംപ്രൂവ്മെൻറ് സ്കൂൾ എന്നിവിടങ്ങളിലെ എല്ലാ വിദ്യാർഥികളും ഉപരിപഠനത്തിനു യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.