ജയിൽ മോചിതനായ റാഫിയുടെ വിളിയെത്തി; ആഹ്ലാദത്തിരതള്ളലിൽ കുടുംബം

വാടാനപ്പള്ളി: മലയാളി സന്മനസ്സുകളുടെ സഹായത്താൽ വിദേശത്ത് ജയിൽ മോചിതനായ റാഫിയുടെ വിളിയെത്തിയതോടെ കുടുംബവും ബന്ധുക്കളും ആഹ്ലാദഭരിതരായി. ദിയാധനം നൽകാനാവാതെ ദുബൈയിൽ ജയിലിൽ അടക്കപ്പെട്ട തളിക്കുളം അമ്പലത്ത് വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ റാഫി കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. ജയിലിൽനിന്ന് ഇറങ്ങിയ റാഫി ഭാര്യ ഷെഹർബാനെയും ഉമ്മ നഫീസയെയും രണ്ട് വയസ്സുകാരി മകൾ റാനിയയെയും ഫോണിൽ വിളിച്ചതോടെ ഇവർക്കുണ്ടായ സന്തോഷത്തിന് കൈയും കണക്കുമില്ല. വാപ്പ ഉടൻ നാട്ടിൽ വരണമെന്നും വാവച്ചിക്ക് കാണണമെന്നും മകൾ റാനിയ കെഞ്ചിപ്പറഞ്ഞു. മകൾക്ക് ഒരു വയസ്സുള്ളപ്പോഴാണ് പെയിൻറിങ് തൊഴിലാളിയായ റാഫി വിദേശത്തേക്ക് പോയത്. ഇളയ മകൻ റെയ്ഹാനെ റാഫി കണ്ടിട്ടില്ല. ഗൾഫിൽ വെച്ച് റാഫി ഓടിച്ച ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ച് ഇറാനി യുവാവ് മരിച്ചിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം (18ലക്ഷം രൂപ) നൽകാനും പിഴയായി 5600 ദിർഹം അടക്കാനുമായിരുന്നു കോടതി വിധി. അത് നൽകാനാകാത്തതാണ് റാഫി ജയിലഴിക്കുള്ളിലാകാൻ കാരണം. മക​െൻറ ജയിൽ മോചനത്തിന് കാരണക്കാരായ മലയാളി സമൂഹത്തോടും വ്യവസായികളോടും ഏറെ നന്ദിയുണ്ടെന്നും ഉമ്മ നഫീസയും ഭാര്യ ഷെഹർബാനും പറഞ്ഞു. റാഫി പത്ത് ദിവസത്തിനകം നാട്ടിൽ എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നാട്ടിൽ ബന്ധുവായ സഗീറിനൊപ്പം പെയിൻറിങ് ജോലിക്ക് പോയിരുന്ന റാഫി കഷ്ടപ്പാടിൽ നിന്ന് കരകയറാൻ വേണ്ടിയാണ് ഗൾഫിലേക്ക് പോയത്. ജയിലിൽ ആയതോടെ വീട് പുതുക്കിപ്പണിയാൻ വാങ്ങിയ ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങി. ഗൾഫ് മാധ്യമത്തിലൂടെ സംഭവം പുറത്തായതോടെ യു.എ.യിലെ മലയാളി ജീവകാരുണ്യ കൂട്ടങ്ങളും വ്യവസായികളും കൈകോർത്ത് തുക സ്വരൂപിച്ച് കെട്ടിവെച്ചാണ് റാഫിയെ മോചിപ്പിച്ചത്. ജയിൽ മോചിതനായ റാഫിക്ക് ജോലി നൽകാൻ ചിലർ രംഗത്ത് വന്നു. നാട്ടിൽ വന്ന ശേഷം റാഫി വീണ്ടും മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.