ഒടുവിൽ തങ്ങൾപടി പാലം ഇന്ന് ചലിച്ച​​ു തുടങ്ങും

അണ്ടത്തോട്: കാത്തിരിപ്പിനൊടുവിൽ തങ്ങൾപ്പടി ചലിക്കും പാലം വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. ഉച്ചക്ക് രണ്ടിന് തദ്ദേശസ്വയം ഭരണ മന്ത്രി കെ.ടി. ജലീലാണ് പാലം ഉദ്ഘാടനം ചെയ്യുക. കാൽ നൂറ്റാണ്ടിലേറെ കാലമായി പാലത്തിനായി നാട്ടുകാർ കാത്തിരിപ്പാരംഭിച്ചിട്ട്. പുന്നയൂർക്കുളം പഞ്ചായത്തും ജില്ല പഞ്ചായത്തും ചേര്‍ന്ന് 75 ലക്ഷം െചലവിട്ടാണ് പാലം, അനുബന്ധ റോഡ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കനോലി കനാലിന് കുറുകെ തങ്ങള്‍പടി-ചെറായി കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 15 വര്‍ഷം മുമ്പ് പി.കെ.കെ. ബാവ എം.എൽ.എ 15 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 2015ല്‍ ജില്ല പഞ്ചായത്ത് അംഗമായിരുന്ന ആർ.പി. ബഷീർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഫാത്തിമ ലീനസ് എന്നിവരുടെ ശ്രമഫലമായി ജില്ല പഞ്ചായത്ത് 20 ലക്ഷവും പുന്നയൂർക്കുളം പഞ്ചായത്ത് 32 ലക്ഷം രൂപയും അനുവദിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ചലനം വെച്ചത്. 2015 സെപ്റ്റംബർ 28 ന് പാലത്തിന് ശിലയിട്ടു. പാലത്തി‍​െൻറ രൂപരേഖക്ക് ഇറിഗേഷന്‍ വകുപ്പി‍​െൻറ അനുമതി ലഭിക്കാത്തതാണ് നിർമാണം വൈകാൻ കാരണം. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് വാർഡ് അംഗം കെ.എച്ച്. ആബിദ് എന്നിവരുടെ ശ്രമഫലമായി തടസ്സങ്ങളെല്ലാം പരിഹരിച്ചാണ് പിന്നീട് നിർമാണം പുനരാരംഭിച്ചത്. നിർമാണം വൈകുന്നത് സംബന്ധിച്ച് 'മാധ്യമത്തിൽ' നിരവധി വാർത്തകളും വന്നിട്ടുണ്ട്. പാലത്തി‍​െൻറ ഇരുവശത്തായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇരുമ്പ് പാലം - ഡെക്ക് ഘടിപ്പിക്കുന്ന പണി കഴിഞ്ഞ വർഷം മാര്‍ച്ചോടെയാണ് പൂര്‍ത്തിയായത്. കഴിഞ്ഞ വർഷം ഏപ്രിൽ പണി അവസാനിച്ച് മേയ് ആദ്യത്തോടെ പാലം ഉദ്ഘാടനം ചെയ്യാനാവുമെന്നായിരുന്നു അറിയിപ്പ്. വിവിധ കാരണങ്ങളാൽ നിർമാണം വൈകി. 18 ടൺ ഭാരം കയറ്റാൻ കരുത്തുള്ള പാലത്തിന് മൂന്നര മീറ്റര്‍ വീതിയും ഒമ്പത് മീറ്റര്‍ നീളവുമുണ്ട്. താഴ് ഭാഗത്തുള്ള കനോലി കനാലിലൂടെ ഗതാഗതത്തിനു സൗകര്യപ്രദമാകും വിധം ആവശ്യത്തിനു ഉയര്‍ത്താമെന്നതാണ് ചലിക്കും പാലത്തി​െൻറ പ്രത്യേകത. പാലം ഉയര്‍ത്താൻ 22 എം.എമ്മി​െൻറ ഇരുമ്പ് റോപ്പാണ് ഘടിപ്പിച്ചത്. പാലം ഉയർത്താൻ റോപ്പുമായി 7.5 കുതിര ശക്തി ശേഷിയുള്ള മോട്ടാറും സ്ഥാപിച്ചിട്ടുണ്ട്. ത്രീഫേസ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന മോട്ടാര്‍ ഉപയോഗിച്ചാണ് പാലം ഉയര്‍ത്തുക. കൂടുതല്‍ ഉറപ്പ് ലഭിക്കാനായി ഡെക്കി​െൻറ അടിയില്‍ നീളത്തില്‍ 15 ബീമും കുറുകെ ഒമ്പത് ബീമും ഘടിപ്പിച്ചിട്ടുണ്ട്. 10 മില്ലി മീറ്റർ ഘനമുള്ള ചെക്കർഡ് ഷീറ്റാണ് പാലത്തി​െൻറ മുകളില്‍ വിതാനിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ മൈന എന്‍ജിനീയറിങ് ഏജന്‍സിയാണ് ഇറിഗേഷന്‍ വകുപ്പി​െൻറ മേല്‍നോട്ടത്തില്‍ പാലം നിര്‍മിച്ചത്. പാലം പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, ആർ.പി. ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.