ചാവക്കാട്: നഗരസഭ സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീംകോടതിയെ സമീപിക്കാനുള്ള കൗൺസിൽ അജണ്ടയിൽ വ്യക്തതയില്ലെന്ന പ്രതിപക്ഷ നിലപാട് ബഹളത്തിലും ഇറങ്ങിപ്പോക്കിലും കലാശിച്ചു. അജണ്ടയിലെ അവസാനത്തെ ഇനമായാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ യോഗം ആരംഭിച്ചയുടൻ പ്രതിപക്ഷത്തെ കെ.എസ്. ബാബുരാജ് പ്രതിഷേധവുമായി രംഗത്തെത്തി. അജണ്ടയിൽ വ്യക്തതയില്ലാത്തതിനാൽ മാറ്റിവെക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. അജണ്ട മാറ്റിവെക്കാനാവില്ലെന്ന് ചെയർമാൻ നിലപാടെടുത്തതോടെ 17ാംനമ്പറായി വെച്ചിരുന്ന അജണ്ട ആദ്യം ചർച്ചചെയ്യണമെന്നായി പ്രതിപക്ഷം. ഇത് അംഗീകരിക്കാനാവില്ലെന്ന് ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ യോഗം ബഹളത്തിൽ മുങ്ങി. ഇരുവിഭാഗവും പരസ്പരം വാഗ്വാദത്തിലേർപ്പെട്ടു. അവസാന അജണ്ട ആദ്യം ചർച്ചചെയ്യാമെന്ന് ചെയർമാൻ അറിയിച്ചതോടെ ബഹളം ശമിച്ചു. ഭരണപക്ഷ അംഗങ്ങളിൽ പലർക്കും വിയോജിപ്പുണ്ടായെങ്കിലും ചർച്ച ആരംഭിച്ചു. അജണ്ട വായിച്ച് വിശദീകരണം നൽകിയത് സെക്രട്ടറിയായിരുന്നു. ടൗൺ പ്ലാനിങ് വ്യവസ്ഥ പ്രകാരമാണ് വടക്കേ ബൈപാസ് റോഡിൽ പടിഞ്ഞാറുഭാഗത്ത് കെട്ടിടം പണിയാനുള്ള ഇരട്ടപ്പുഴ കാക്കിശേരി മുഹമ്മദലിയുടെ അപേക്ഷ നിരസിച്ചതെന്നും ഇതിനെതിരെ മുഹമ്മദലി ഹൈകോടതിയിൽ പരാതി നൽകുകയും തുടർന്നുള്ള നിയമനടപടിയിൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് വന്നതെന്നും അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും സെക്രട്ടറി വിശദീകരിച്ചു. നാല് വർഷമായി നടക്കുന്ന നിയമ നടപടികളെക്കുറിച്ച് പ്രതിപക്ഷത്തെ ബോധിപ്പിക്കുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടെന്നും കാര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും ജനങ്ങളുടെ നികുതിപ്പണം ഭരണപക്ഷത്തിെൻറ കഴിവുകേട് മറച്ചുവെക്കാൻ ചെലവഴിക്കുന്നത് സമ്മതിക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് കെ.കെ. കാർത്യായനി പറഞ്ഞു. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ ഒന്നടങ്കം ഇറങ്ങിപ്പോയി. കേരള കോൺഗസ് എം അംഗം ജോയ്സി ആൻറണിയും ഇറങ്ങിപ്പോയി. സ്വകാര്യവ്യക്തിക്കുവേണ്ടിയാണ് പ്രതിപക്ഷാംഗങ്ങളുടെ നടപടിയെന്ന് ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു. പ്രതിപക്ഷ ഇറങ്ങി പോക്കിനെത്തുടർന്ന് അജണ്ടകൾ മുഴുവൻ പാസായതായി അറിയിച്ച് കൗൺസിൽ യോഗം ചെയർമാൻ പിരിച്ചുവിട്ടു. 2017- 18 വർഷത്തെ പൂർത്തീകരിക്കാത്തതും പൂർത്തീകരിച്ച് പണം നൽകാത്തതുമായ പദ്ധതികൾ ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അജണ്ട അംഗീകരിച്ചു. നഗരസഭയിൽ രാത്രിസുരക്ഷയുടെ ഭാഗമായി രണ്ടു വിമുക്ത ഭടൻമാരെ നിയമിക്കും. നഗരസഭ മുൻ ചെയർമാൻ കെ.പി. വൽസലെൻറ പേരിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിന് നഗരസഭ സ്േറ്റഡിയം സൗജന്യമായി അനുവദിക്കാനും തീരുമാനിച്ചു. ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ടി.എൻ. സിനി, കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.എ. മഹേന്ദ്രൻ, സഫൂറ ബക്കർ, എ.സി. ആനന്ദൻ, പി.ഐ. വിശ്വംഭരൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.