പണം ധൂർത്തടിക്കാനുള്ള നീക്കം ^പ്രതിപക്ഷം

പണം ധൂർത്തടിക്കാനുള്ള നീക്കം -പ്രതിപക്ഷം ചാവക്കാട്: നഗരമധ്യത്തിൽ കെട്ടിടം നിർമിക്കാൻ ഹൈകോടതി ഉത്തരവുണ്ടായിട്ടും അതിനെതിരെ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കം ജനങ്ങളുടെ നികുതി പണം ധൂർത്തടിക്കാനും നഗരസഭയുടെ വരുമാനം ഇല്ലാതാക്കാനുമാണ് ഭരണപക്ഷ ശ്രമമെന്ന് പ്രതിപക്ഷാംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൗൺസിലിൽ അജണ്ട ലഭിച്ചപ്പോൾ മാത്രമാണ് വിഷയം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഭരണപക്ഷത്തെ ചിലരുടെ രഹസ്യ അജണ്ട നടപ്പാക്കാനാണ് ചെയർമാൻ ഇതിനു കൂട്ടുനിൽക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനുള്ള അജണ്ടക്കെതിരെയുള്ള വിയോജിപ്പ് രേഖാമൂലം പ്രതിപക്ഷാംഗങ്ങൾ മുഴുവൻ പേരും ഒപ്പിട്ട് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. നിസാരകാര്യങ്ങളുടെ പേരിൽ അനാവശ്യ നിയമ നടപടികൾക്കുപോയി ലക്ഷക്കണക്കിനു രൂപ ധൂർത്തടിക്കുന്ന നിരവധി സംഭവങ്ങൾ നഗരസഭയിലുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ബൈപാസിനടുത്ത് കെട്ടിടം നിർമിക്കാൻ ഹൈകോടതി അനുമതി നൽകിയിട്ടും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത് ലജ്ജാകരമാണ്. ചാവക്കാട് നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു കേസിൽ നഗരസഭ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സുപ്രീംകോടതിയിൽ കേസ് നടത്തിയാൽ തന്നെ വിജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. 28ന് ഹൈകോടതി കേസ് വെച്ചിട്ടുണ്ട്. ഇതിൽ വാശി വെടിഞ്ഞ് കേസ് അവസാനിപ്പിക്കാൻ ചെയർമാൻ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭയിൽ പ്രധാനപ്പെട്ട പലകര്യങ്ങളിലും പ്രതിപക്ഷവുമായി ഒരു ആലോചനയും ഭരണപക്ഷം നടത്തുന്നില്ലെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. കോൺഗ്രസ് അംഗങ്ങളായ കെ.കെ. കാർത്യായനി, കെ.എസ്. ബാബുരാജ്, പി.എം. നാസർ , പി.വി. പീറ്റർ, ഹിമ മനോജ്, ഷാഹിത മുഹമ്മദ്, ശാന്ത സുബ്രഹ്മണ്യൻ, സീനത്ത്, മുസ്ലിം ലീഗ് അംഗം ടി.എ. ഹാരിസ്, കേരള കോൺഗ്രസ് (എം) അംഗം ജോയ്സി ആൻറണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.