ചാലക്കുടി: പള്ളിയിലെ ദൈനംദിന കണക്കുകൾ രേഖപ്പെടുത്തിയ പുസ്തകം കാണാനില്ലെന്ന് ആരോപിച്ച് കൊരട്ടി മുത്തിയുടെ ദേവാലയത്തിൽ സംഘർഷാവസ്ഥ. പള്ളിയിൽ ഈയിടെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് കണക്ക് പുസ്തകം. വിവരമറിഞ്ഞതോടെ വിശ്വാസികളിൽ ഒരു വിഭാഗം പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പള്ളിയിൽ കൂട്ടമണിയടിച്ച് ആളുകളെ വരുത്തി വിവരം ബോധ്യപ്പെടുത്തി. തുടർന്ന് കൊരട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിശ്വാസികൾ രോഷാകുലരായി രാത്രിയിലും പള്ളി അങ്കണത്തിൽ ഒത്തുചേർന്നിരിക്കുകയാണ്. എറണാകുളം അതിരൂപതക്ക് കീഴിലെ കൊരട്ടി മുത്തിയുടെ പള്ളിയിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കുറച്ചു മാസങ്ങളായി തർക്കമുണ്ട്. ലക്ഷങ്ങളുടെ വിലയുള്ള സ്വർണവും മറ്റും പള്ളിയിലേക്ക് ലഭിച്ചത് അപഹരിക്കപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് അന്വേഷിക്കാൻ അതിരൂപത കമീഷനെ നിയോഗിച്ചിരുന്നു. ക്രമക്കേടുകൾക്ക് ഉത്തരവാദിയെന്ന് ആരോപിക്കപ്പെട്ട വികാരിയെ ഒടുവിൽ സ്ഥലം മാറ്റേണ്ടി വന്നു. പകരം പുതിയ വികാരിയെെവച്ചെങ്കിലും ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പുതിയ വികാരിയെ സ്വീകരിക്കാൻ തയാറായില്ല. ഇതിനിെടയാണ് ക്രമക്കേടുകളുടെ തെളിവായ കണക്ക് പുസ്തകം കാണാതായത്. ഈ പുസ്തകം എറണാകുളത്തു കൊണ്ടുപോയി പരിശോധിക്കണമെന്ന് പറഞ്ഞ് അതിരൂപത പലവട്ടം കൊണ്ടുപോകാൻ ശ്രമിച്ചതാണ്. കൊരട്ടിയിൽ നിന്ന് പുസ്തകം കൊണ്ടുപോകാൻ പറ്റില്ലെന്നും ഇവിടെെവച്ച് പരിശോധിച്ചാൽ മതിയെന്നും പറഞ്ഞ് വിശ്വാസികൾ അതിനെ എതിർത്തിരുന്നു. ഇതിനിടയിലാണ് പുസ്തകം കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.