തൃശൂർ: യു.ഡി.എഫ് മുൻ ഭരണസമിതിയുടെ കാലത്തെ വരുമാനവും ചെലവും താരതമ്യപ്പെടുത്തി വൻ വരുമാനമുണ്ടാക്കിയ ഈ വർഷത്തെ കണക്കുകളുമായി പ്രതിപക്ഷത്തെ അടിക്കാനെത്തിയ ഭരണപക്ഷത്തിന് അജണ്ട തിരിച്ചടിച്ചു. അവതരിപ്പിച്ച കണക്കുകളിലെ അവ്യക്തത ചൂണ്ടിക്കാണിച്ച് പ്രതിപക്ഷമുന്നയിച്ച ആരോപണം സാധൂകരിച്ചപ്പോൾ, മേയറും കൗൺസിലർമാരും ഇതുവരെയും ഒരു രൂപ പോലും യാത്രാക്കൂലി പറ്റുന്നില്ലെന്ന മറുപടി മാത്രമായിരുന്നു ഭരണപക്ഷത്തിെൻറ മറുപടി. പൊതുചർച്ച അജണ്ടക്ക് മുമ്പ് അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി-കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം ഏറേ നേരം തർക്കത്തിനിടയാക്കി. ആവശ്യം മേയർ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ കുത്തിയിരുന്ന് സമരം ചെയ്തു. 2017-18 സാമ്പത്തിക വർഷത്തിൽ തനത് ഫണ്ട് വരവ് ചെലവ് കണക്കുകളായിരുന്നു അജണ്ടയിലെ ആദ്യ ഇനം. ഇതനുസരിച്ച് നേരത്തെ യാത്രാചെലവിനത്തിൽ 49.71 ലക്ഷം ചെലവിട്ടത് ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയതിൽ മേയറുടെ വിശദീകരണത്തോടെയായിരുന്നു കൗൺസിൽ തുടങ്ങിയത്. താനോ, കൗൺസിലർമാരോ ഇക്കാലമത്രയും ഒരു രൂപ പോലും യാത്രാക്കൂലിയിനത്തിലോ, ബത്തയായോ കൈപ്പറ്റിയിട്ടില്ലെന്ന് മേയർ അജിത ജയരാജൻ കൗൺസിലിനെ അറിയിച്ചു. ആദ്യ അജണ്ടയിൽ തന്നെ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം എഴുന്നേറ്റു. അറിയിപ്പായി നൽകിയ കണക്കുകൾ അവ്യക്തതകളുള്ളതും തെറ്റുമാണ്. കൗൺസിൽ അംഗീകരിച്ച കണക്കുകളല്ല വർഷാന്ത്യ കണക്കെന്ന വിധത്തിൽ അജണ്ടയിലുൾപ്പെടുത്തി നൽകിയിട്ടുള്ളത്. ഇത് കൗൺസിലിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പിൻവലിക്കണമെന്നും എം.കെ. മുകുന്ദൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, കെ. മഹേഷ് എന്നിവർ ആവശ്യപ്പെട്ടു. പ്രതിപക്ഷാരോപണം തള്ളി ഭരണപക്ഷാംഗങ്ങൾ കണക്കുകളെ ന്യായീകരിച്ച് രംഗത്തു വന്നു. കുടിവെള്ള വിതരണത്തിലെ കണക്കുകൾ പുറത്തു വരാതിരിക്കാൻ കൗൺസിൽ പിരിച്ചുവിടാനുമായാണ് പ്രതിപക്ഷത്തിെൻറ പ്രതിഷേധ നാടകമെന്നും ഭരണപക്ഷം ആരോപിച്ചു. തെരുവ് വിളക്കുകൾ മുഴുവൻ എൽ.ഇ.ഡിയാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അംഗീകരിച്ചതിൽ ഭരണസമിതിയെ അഭിനന്ദിക്കുന്നുവെന്ന് സമ്പൂർണ ചർച്ചയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.