തൃശൂർ: കൃഷി വകുപ്പ് പ്രവർത്തനങ്ങൾ ഉടൻ ഓൺലൈനാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. മാധ്യമം വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗൗരവകരമായി പരിശോധിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യേണ്ട വിഷയമാണിത്. ഇപ്പോൾ തന്നെ വൈകി. കൃഷിവകുപ്പ് ഓൺലൈൻ ആക്കുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉടൻ കൃഷിവകുപ്പ് ഓൺെലെൻ സംവിധാനം നടപ്പിൽ വരുത്തും -അദ്ദേഹം പറഞ്ഞു. പോർട്ടൽ സജ്ജമാക്കിയാൽ വിവിധ പദ്ധതികളുടെ രൂപവത്കരണം, ഭരണാനുമതി, ധനാനുമതി, ജില്ല-ബ്ലോക്ക് - പഞ്ചായത്ത് തലത്തിലേക്ക് അനുവദിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെ എളുപ്പത്തിലാക്കാം. കർഷകരുടെ അടിസ്ഥാന വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കാം. അംഗീകാരം നൽകി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും എളുപ്പം വിവരം ലഭ്യമാക്കാം. അവർക്ക് അർഹതയും താൽപര്യമുള്ള പദ്ധതികൾക്കും മറ്റു സേവനങ്ങൾക്കുള്ള അപേക്ഷ മൊബൈൽ വഴി സമർപ്പിക്കാം. പുരോഗതി നിരീക്ഷിക്കാം. കൃഷിഭവൻ ഉദ്യോഗസ്ഥർക്ക് കൃഷിയിടം പരിശോധിച്ചതിെൻറ റിപ്പോർട്ട് മൊബൈൽ വഴി അപ്പോൾ തന്നെ അയക്കാം. പരിശോധന പൂർത്തിയാകുന്ന മുറക്ക് ബ്ലോക്ക് തലത്തിൽ കർഷകർക്കുള്ള ധനസഹായം അവരുടെ അക്കൗണ്ടിലേക്ക് ഉടൻ കൈമാറാം. ഇതു സംബന്ധമായ വിവരങ്ങൾ 'സന്ദേശം' ആയി നൽകാം. സ്റ്റേറ്റ്മെൻറ്, കത്തെഴുത്ത് തുടങ്ങിയവ ഒന്നും ആവശ്യമില്ല. വിവിധ തലത്തിൽ ആവശ്യമായ റിപ്പോർട്ടുകൾ അവർക്കുതന്നെ പോർട്ടലിൽനിന്ന് ലഭിക്കും പ്രവൃത്തി പുരോഗതി എല്ലാമേഖലയിലും സമഗ്രമായും കാര്യക്ഷമമായും വിലയിരുത്താം. ഇതിനായി സമയം നഷ്ടപ്പെടുത്തുന്ന അവലോകന യോഗങ്ങളെ ഒഴിവാക്കാം. കുറഞ്ഞ സമയംകൊണ്ട് സമഗ്രമായ ഓഡിറ്റിങ് പൂർത്തിയാക്കാം. ഇതുമൂലം പദ്ധതി നടത്തിപ്പ് കൂടുതൽ സുതാര്യവും അഴിമതിരഹിതവും ആകും. ഫയൽ ജോലികൾ ഇല്ലാതാകുന്നതോടെ ജീവനക്കാർക്ക് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് കൃഷി കൂടുതൽ വിപുലപ്പെടുത്താം. പൊതുജനങ്ങൾക്ക് പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നതോടെ അഴിമതി കുറക്കാനും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.