ടൗണ്‍ഹാള്‍ വിഷയം: ചാലക്കുടി നഗരസഭ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം

ചാലക്കുടി: ടൗണ്‍ഹാള്‍ നിര്‍മാണം പൂര്‍ത്തീകരണത്തിന് ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ച് അധ്യക്ഷ വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷമായ യു.ഡി.എഫ് നഗരസഭ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. നഗരസഭ ബജറ്റില്‍ ടൗണ്‍ഹാള്‍ പൂര്‍ത്തീകരണത്തിനായി മൂന്ന് കോടി രൂപ നീക്കിെവച്ചിരുന്നു. എന്നാല്‍, ഈ തുക സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുത്ത വകയിലുള്ള കടബാധ്യതയിലേക്ക് അടക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം വിശദീകരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. ടൗണ്‍ഹാളി​െൻറ തുടര്‍നിര്‍മാണ ജോലികള്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍നിന്ന് സാങ്കേതിക അനുമതി ലഭിക്കാത്തതിനാലാണ് തുക വക മാറ്റിയതെന്നും എന്നന്നേക്കുമായി നഗരസഭക്ക് ഫണ്ട് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അത് വക മാറ്റേണ്ടി വന്നതെന്നും നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ യോഗത്തില്‍ വിശദീകരിച്ചു. കൗണ്‍സിലില്‍നിന്ന് നേരത്തെ അനുമതി വാങ്ങാതെ ഫണ്ട് വക മാറ്റിയതില്‍ ചെറിയ വീഴ്ച ഭരണസമിതിക്ക് സംഭവിച്ചുവെന്ന് ഏറ്റു പറഞ്ഞ ഉപാധ്യക്ഷന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടി വന്നതിനാലാണ് കൗണ്‍സിലില്‍െവച്ച് തീരുമാനമെടുക്കാന്‍ സാധിക്കാതെ പോയതെന്ന് വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം ഫണ്ട് വക മാറ്റിയതിനോട് യോജിെച്ചങ്കിലും ടൗണ്‍ഹാള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയെവിടെനിന്ന് പണം കണ്ടെത്തുമെന്ന ചോദ്യം ഉന്നയിച്ചു. ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഹാള്‍ നിർമാണം നീട്ടിക്കൊണ്ടുപോകാന്‍ ഭരണസമിതിക്ക് ഒരു ലക്ഷ്യവുമില്ലെന്നും വൈസ് ചെയര്‍മാന്‍ മറുപടി പറഞ്ഞു. അതിനായി ഫണ്ട് എവിടെ നിന്ന് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍ ചോദിെച്ചങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച് യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു. പി.എം. ശ്രീധരന്‍, ഷിബു വാലപ്പന്‍, ആലീസ് ഷിബു, ബിജു ചിറയത്ത്, വി.ജെ. ജോജി, മേരി നളന്‍, വര്‍ഗീസ് വാറോക്കി, ജിയോ കിഴക്കുംതല തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.