തൃശൂർ: 82 പ്രബേഷണറി ഓഫിസർമാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ നിന്ന് കാത്തലിക് സിറിയൻ ബാങ്ക് പിന്മാറി. പിരിച്ചു വിടൽ തീരുമാനം ബാങ്ക് മാനേജ്മെൻറും ജീവനക്കാരും തമ്മിലുള്ള പോരാട്ടത്തിലേക്ക് വഴി തുറന്ന സാഹചര്യത്തിൽ നാടകീയമായാണ് മാനേജ്മെൻറിെൻറ നയം മാറ്റം. ബുധനാഴ്ച അസാധാരണ ജനറൽ ബോഡി ചേരുന്നതിെൻറ മുന്നോടിയായി അവസാന നിമിഷ ചർച്ചയിൽ മാനേജ്മെൻറ് ജീവനക്കാരുടെ സംഘടനകൾക്ക് വഴങ്ങുകയായിരുന്നു. തിങ്കളാഴ്ച ബാങ്കിലെ ജീവനക്കാരുടെ സംഘടനകളും മാനേജ്മെൻറും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ചെയർമാൻ ടി.എസ്. അനന്തരാമനും മാനേജിങ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രനും ഡയറക്ടർമാരും വീണ്ടും സംഘടനകളുമായി ചർച്ച നടത്തുകയായിരുന്നു. ഇൗ ചർച്ചയിലാണ് പ്രബേഷണറി ഓഫിസർമാരെ പിരിച്ചു വിടില്ലെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചത്. ആറ് മാസത്തിനകം അവരെ സ്ഥിരപ്പെടുത്തും. ജോലിയിൽ മികവ് പുലർത്താൻ സംഘടനകൾ അവരെ സഹായിക്കാമെന്ന് ഏറ്റു. കൂടാതെ പിരിച്ചുവിടലിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ ആർക്കെതിരെയും പ്രതികാര നടപടി ഉണ്ടാവില്ലെന്നും മാനേജ്മെൻറ് ഉറപ്പു നൽകി. ഇതോടെ ആഴ്ചകളായി ബാങ്കിനെ നീറ്റിക്കൊണ്ടിരുന്ന ഒരു പ്രശ്നത്തിന് തൽക്കാലം പരിഹാരമായി. അതേസമയം, ബാങ്കിെൻറ 51 ശതമാനം ഓഹരി കനേഡിയൻ സ്ഥാപനമായ ഫെയർ ഫാക്സിന് കൈമാറാനുള്ള തീരുമാനം നയപരമായതിനാൽ പിന്മാറാനാവില്ലെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ബാങ്കിെൻറ തനിമ നിലനിർത്താൻ വേണ്ട വ്യവസ്ഥകൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളോട് പറഞ്ഞു. ഈ സാഹചര്യത്തിൽ, ബുധനാഴ്ച ബാങ്കിെൻറ അസാധാരണ ഡയറക്ടർ ബോർഡ് യോഗം ചേരുന്ന തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിലേക്ക് സമര സഹായ സമിതി നടത്താനിരുന്ന പ്രതിഷേധ മാർച്ച് ഉപേക്ഷിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഫെയർ ഫാക്സിന് ഓഹരി കൈമാറ്റവും ബാങ്കിൽ നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപ പരിധി 49 ൽ നിന്ന് 74 ശതമാനമായി ഉയർത്തലുമാണ് ഇന്നത്തെ ജനറൽ ബോഡിയിൽ അംഗീകാരത്തിന് വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.