തൃശൂർ: സ്ഥിരമായ വികലാംഗത്വത്തിലേക്ക് നയിക്കുന്ന ആങ്കയിലോസിങ് സ്പോണ്ടിലൈറ്റിസിന് ചികിത്സ സൗജന്യമായി അനുവദിക്കുന്ന കാര്യത്തിൽ സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരോട് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. യുവാക്കൾ ഇരയാകുന്ന രോഗത്തിന് ചികിത്സ െചലവ് ഭീമമാണ്. സർക്കാർ ആശുപത്രികൾ വഴി സൗജന്യ ചികിത്സ ഏർപ്പെടുത്തണമെന്നും ഹീമോഫീലിയ രോഗികൾക്ക് നൽകുന്ന ചികിത്സ പരിഗണനയെങ്കിലും ഈ രോഗികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ട് രോഗബാധിതനായ പാവറട്ടി സ്വദേശി ൈസജോ കണ്ണനായ്ക്കൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാറിെൻറ ഇടപെടൽ. വിദേശ രാജ്യങ്ങളിൽ സൗജന്യമായി നൽകുന്ന മരുന്നിന് ഇന്ത്യയിൽ വൻ വില ഈടാക്കുന്നുവെന്നും സൈജോ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗരത്തിൽ സിറ്റി സെൻററിലെ പാർക്കിങ് ഏരിയയിൽനിന്ന് മോഷ്ടിക്കപ്പെട്ട ബൈക്ക് പൊലീസ് ലേലം ചെയ്ത് വിറ്റുവെന്ന പരാതിയിൽ സിറ്റി അസി. കമീഷണറോട് കമീഷൻ വിശദീകരണം തേടി. 2003ലാണ് കേസിനാസ്പദമായ സംഭവം. പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണനാണ് പരാതിക്കാരൻ. ബൈക്ക് മോഷണം പോയെന്ന് കാണിച്ച് തൃശൂർ ഈസ്റ്റ് പൊലീസിന് പരാതി നൽകിയിരുന്നു. പിന്നീട് പല തവണ സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും മഹസർ തയാറാക്കാനെന്ന് പറഞ്ഞ് പൊലീസുകാർ പണം കൈപ്പറ്റി. മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റിൽ ബന്ധപ്പെട്ടപ്പോഴാണ് മോഷണം പോയ ബൈക്കിന് വീണ്ടും നികുതി ഒടുക്കിയതായി കണ്ടെത്തിയത്. അന്വേഷണത്തിൽ ബൈക്ക് നെടുപുഴ പൊലീസിന് ലഭിക്കുകയും ആരും പരാതി ഉന്നയിക്കാത്തതിനാൽ ലേലത്തിൽ വിൽക്കുകയും ചെയ്തതായി അറിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയായ പൊലീസുകാരൻ തന്നെയാണ് ബൈക്ക് ലേലത്തിലെടുത്തത്. ഉടൻ റിപ്പോർട്ട് നൽകാൻ അസി. കമീഷണറോട് കമീഷൻ ആവശ്യപ്പെട്ടു. വേലൂർ പഞ്ചായത്തിൽ ജനങ്ങളെ ദുരിതത്തിലാക്കി അനധികൃത ക്വാറി പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ കലക്ടർ, ജിയോളജിസ്റ്റ്, വേലൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് കമീഷൻ റിപ്പോർട്ട് തേടി. ഡ്രൈവിങ് അറിയാത്ത ഒല്ലൂർ സ്വദേശി വാഹനമിടിച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് കേസെടുത്തതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന കമീഷണറുടെ സത്യവാങ്മൂലം കമീഷൻ അംഗീകരിച്ചു. കുറ്റക്കാരായ ഒല്ലൂർ പൊലീസിനെതിരെ നടപടി സ്വീകരിക്കുമെന്ന് കമീഷണർ സത്യവാങ്മൂലത്തിൽ അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി മരിച്ച സംഭവത്തിൽ അസി. കമീഷണർ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. 67 പരാതി പരിഗണിച്ചതിൽ 16 എണ്ണം തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.