തൃശൂർ: മൂടിവെച്ച വിവാദമായ മണൽക്കടത്ത് കേസിന് കാരണമായ മർദനത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ബുധനാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഐ.ജി എം.ആർ. അജിത് കുമാർ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മുഫസിലിെൻറ പരാതിയിലാണ് വാടാനപ്പള്ളി മുൻ എസ്.ഐ എം.പി. സന്ദീപ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോഷ്, ഫൈസൽ, ഗോപകുമാർ എന്നിവരും കണ്ടാലറിയുന്ന മറ്റൊരു പൊലീസുകാരൻ, സുനിൽ പ്രകാശ് എന്ന ഹോംഗാർഡ് എന്നിവർക്കെതിരെ 341, 323, 324, 34, ഐ.പി.സി 1860 വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2012 ഫെബ്രുവരി ഒമ്പതിന് വാടാനപ്പള്ളി സെൻററിൽനിന്ന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മുഫസിലിനെ മർദിച്ചെന്നാണ് കേസ്. രാപകൽ ക്രൂരമായി മർദിച്ച മുഫസിലിനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിെൻറ പേരിലാണ് പിടിച്ചതെന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞത്. ഇയാൾ കേസുമായി കോടതിയിൽ പോയതോടെ തെറ്റിദ്ധാരണക്ക് പുറത്താണ് മുഫസിലിനെ പിടികൂടിയതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കേസിൽ സാക്ഷിയായ ശ്രീജിത്തിനെയും മുഫസിലിനെയും ചേർത്ത് മണൽക്കടത്ത് കേസും പൊലീസ് എടുത്തു. വാടാനപ്പള്ളിയുടെ തീരമേഖലയിൽനിന്ന് കരമണൽ കടത്തുന്നയാളാണ് ശ്രീജിത്തെന്നും എസ്.ഐക്ക് ലഭിച്ച മണൽകടത്ത് സന്ദേശം പൊലീസുകാർ ചോർത്തി നൽകിയെന്നുമായിരുന്നു കേസ് ഉണ്ടാക്കിയത്. ഇതിൽ അഞ്ച് പൊലീസുകാരെയും പ്രതിയാക്കി. കേസ് അന്വേഷണത്തിനിടയിൽ ജില്ലയിൽ നിന്നുള്ള മന്ത്രിയുടെ ബന്ധുകൂടിയായ പൊലീസുകാരനെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. എന്നാൽ തെളിവില്ലാത്തതോടെ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതിയും ൈട്രബ്യൂണലും കേസ് തള്ളി. ശ്രീജിത്ത് മണൽ മാഫിയയുടെ ഭാഗമായിരുന്നില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് കോടതി കണ്ടെത്തിയത്. ഒടുവിൽ പൊലീസുകാർ പൊതുപ്രവർത്തകൻ കൂടിയായ ശ്രീജിത്തുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന കുറ്റം ചുമത്തി ഒരു വർഷത്തെ ഇൻക്രിമെൻറ് തടഞ്ഞുവെക്കുകയായിരുന്നു. കുറ്റമൊഴിവാക്കിയതോടെ 2013 ഡിസംബറിൽ തിരിച്ചെടുത്തു. മണൽക്കടത്തും, ഫോൺ സന്ദേശം ചോർത്തിയെന്നുമുള്ള കേസിൽ ആരോപിതരായവർ ജീവിതത്തിൽ കടുത്ത അപമാനം നേരിടുകയാണ്. പലരുടെയും ജീവിതം തന്നെ തകർത്തതായിരുന്നു മണൽക്കടത്ത് കേസ്. മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടാവാതിരിക്കാൻ തുടർ നടപടികളിൽനിന്ന് ഒരു വിഭാഗം മാറിയെങ്കിലും ഇപ്പോൾ കുന്നംകുളം സ്റ്റേഷനിലെ എ.എസ്.ഐയായ ദിനേശൻ അടക്കമുള്ളവരും ശ്രീജിത്തും മുഫസിലും തുടർ നിയമനടപടികളിലാണ്. മുഫസിലിെൻറ പരാതിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈകോടതി ഉത്തരവിട്ടതാണ് പൊലീസിനെതിരെയുള്ള നടപടി. എന്നാൽ ഉത്തരവ് പൂഴ്ത്തിയിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.