ആശുപത്രികളിലെ തീവ്രപരിചരണ സേവനം പരിശോധിക്കണം -മനുഷ്യാവകാശ കമീഷൻ തൃശൂർ: ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ അത്യാവശ്യം വേണ്ട ആധുനിക സജ്ജീകരണങ്ങൾ ഉണ്ടോയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിൽ വിദഗ്ധ ജീവനക്കാരുടെ സേവനം ലഭ്യമാണോ എന്ന് വിലയിരുത്തണം. ആശുപത്രി മാനേജ്മെൻറുകൾക്ക് ഇഷ്ടാനുസരണം ഐ.സി.യു പ്രഖ്യാപിക്കാനും ഫീസ് ഈടാക്കാനുമുള്ള അവസരം നൽകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ വ്യക്തമാക്കി. തീവ്രപരിചരണ സംവിധാനം സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി സോജൻ ജോബ് നൽകിയ പരാതിയിലാണ് ഉത്തരവ്. തീവ്രപരിചരണ വിഭാഗത്തിലെ മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിക്കണം. പ്രവർത്തനം നിരീക്ഷിക്കുന്ന ഏജൻസിയെക്കുറിച്ച് സർക്കാർ വ്യക്തമാക്കണം. തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന വ്യക്തി മരിച്ചിട്ടും ചികിത്സ തുടരുകയാണെന്ന് അറിയിച്ചതായുള്ള ആരോപണം റിപ്പോർട്ട് ചെയ്തസാഹചര്യത്തിൽ മൃതദേഹങ്ങൾ യഥാസമയം വിട്ടുകൊടുക്കാത്തവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണം. മൃതദേഹങ്ങളെ മാനിക്കാത്തവരെ ശിക്ഷിക്കാനും തീവ്രപരിചരണ വിഭാഗം മാനുഷികമാക്കാനും സർക്കാർ നടപടി സ്വീകരിക്കണം. പാർശ്വ സംരക്ഷണമുള്ള കിടക്കകൾ ഉറപ്പാക്കണം. നാഷനൽ അക്രഡിറ്റേഷൻ ബ്യൂറോ ഓഫ് ഹോസ്പിറ്റൽസ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ആരോഗ്യ ഡയറക്ടർ ഇവ നീതിപൂർവം വിലയിരുത്തണം. നിശ്ചിത ഇടവേളകളിലുള്ള നിരീക്ഷണം ഉറപ്പാക്കണം. തീവ്രപരിചരണ വിഭാഗങ്ങളിൽ ഔചിത്യപൂർവം ഉപയോഗിക്കുന്ന സി.സി.ടി.വി സമ്പ്രദായം ഗുണകരമാണെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവിൽ അത് ഇല്ലാത്ത സ്ഥലങ്ങളിൽ ഒന്നിലധികം തവണ ഉറ്റ ബന്ധുക്കൾക്ക് പ്രവേശനം അനുവദിക്കാവുന്നതാണെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.