ജനാധിപത്യ മതേതര കക്ഷികൾ ഒന്നിച്ച് നിൽക്കേണ്ട കാലം -കെ. മുരളീധരൻ തൃശൂർ: എല്ലാ ജനാധിപത്യ മതേതര കക്ഷികളും ഒന്നിച്ച് നിൽക്കേണ്ട കാലമാണിതെന്ന് കെ. മുരളീധരൻ എം.എൽ.എ എന്നാൽ, കോൺഗ്രസിനെ മാറ്റി നിർത്തണമെന്നാണ് പിണറായി വിജയൻ പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് 70ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഉണർത്തു ദിന'ത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുരളീധരൻ. രാഷ്ട്രീയത്തിലും നിയമസഭയിലും ഉണ്ടാകുന്ന താൽക്കാലിക േനട്ടകോട്ടങ്ങൾ നോക്കരുത്. ആശയങ്ങളാണ് പ്രധാനം. കേരളത്തിൽ മാത്രമാണ് സി.പി.എം മറിച്ചൊരു നിലപാടെടുക്കുന്നത്. മറ്റിടങ്ങളിൽ കോൺഗ്രസിനൊപ്പം യോജിച്ച് പ്രവർത്തിക്കണമെന്ന നിലപാടിലാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. എന്നാൽ, ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാതായി. മോദി സർക്കാറിെൻറ പതിപ്പാണ് പിണറായി സർക്കാർ. രണ്ട് കൂട്ടരും മത്സരിച്ച് ന്യൂനപക്ഷങ്ങളെ കൊല്ലുന്നു -മുരളീധരൻ ആരോപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാഷിസത്തെ ചെറുത്തു തോൽപിക്കേണ്ടത് പോളിങ് ബൂത്തിലാണ്. മറ്റെന്തു ചെയ്തിട്ടും ഫലമില്ല. കേരളത്തിൽ ആർ.എസ്.എസിനെ വളർത്തുന്നത് സി.പി.എമ്മാണ് -അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സി.എ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം ഇ.പി. ഖമറുദ്ദീൻ, സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, പി.എം. സാദിഖലി എന്നിവർ സംസാരിച്ചു. പി.എം. അമീർ സ്വാഗതവും എം.പി. കുഞ്ഞിക്കോയ തങ്ങൾ നന്ദിയും പറഞ്ഞു. 150ഒാളം പഴയകാല നേതാക്കളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.