തൃശൂർ: കൊട്ടിഘോഷിച്ച പട്ടയമേളയിൽ ഭൂമി വിതരണം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ചു. ഭൂമിയും യഥാർഥ പട്ടയരേഖയും ലഭിക്കണമെങ്കിൽ സ്ഥലവിലയുടെ 10 ശതമാനം അടക്കണമെന്ന് അറിയിച്ച് പട്ടയം ലഭിച്ചവർക്ക് കലക്ടറുടെ നോട്ടീസ്. ഫെബ്രുവരി 16ന് തൃശൂരിൽ നടന്ന പട്ടയമേളയിൽ വിതരണം ചെയ്തവർക്കാണ് തുകയൊടുക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. മണ്ണുത്തി മുല്ലക്കര ആനക്കൊട്ടിലിന് സമീപം താമസിക്കുന്ന മാർത്തയടക്കം മൂന്ന് വിധവകൾ അടങ്ങുന്ന കുടുംബത്തിന് ലഭിച്ചത് നാലേകാൽ ലക്ഷം ഒരു മാസത്തിനകം അടക്കണമെന്നാണ്. ഏറക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പട്ടയം ലഭിച്ചത്. ഇതോടെ പട്ടയം കീറാമുട്ടിയായി മാറിയ അവസ്ഥയിലാണ് ഇവർ. ടൗൺഹാളിൽ നടന്ന പട്ടയമേളയിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനിൽനിന്ന് നേരിട്ട് പട്ടയം ഏറ്റുവാങ്ങിയവരിലുള്ളതാണ് മാർത്ത. പട്ടയം ലഭിച്ചതോടെ സ്വന്തമായി ഭൂമിയെന്ന സ്വപ്നം നേടാനായെന്നും, ഭൂമിയില്ലാത്തതിനാൽ വീടില്ലാതെയും, സർക്കാർ അനുകൂല്യങ്ങളും, വായ്പയെടുക്കാനുള്ള സൗകര്യം പോലുമില്ലാതിരിക്കുകയായിരുന്നു. ഇതിനെല്ലാം പരിഹാരമാവുമെന്നായിരുന്നു പട്ടയം ലഭിച്ചപ്പോഴത്തെ ആശ്വാസം. നാലേകാൽ ലക്ഷം തുകയൊടുക്കാൻ ആവശ്യപ്പെട്ട് കലക്ടറുടെ നോട്ടീസ്. നോട്ടീസിൽ കലക്ടറുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും 30 ദിവസത്തിനകം തുകയടക്കണമെന്നും, ദിവസം ദീർഘിപ്പിച്ച് നൽകാനാവില്ലെന്നുമാണേത്ര നൽകിയ മറുപടി. 1950കളിൽ ഭർത്താവ് ചാക്കുണ്ണിയോടൊപ്പം ഇവിടെയെത്തിയതാണ് മാർത്തയുടെ കുടുംബം. നാല് പെൺകുട്ടികളടക്കം അഞ്ച് മക്കളുണ്ട്. മകൻ നേരത്തെ മരിച്ചു. പെൺമക്കളിൽ മൂന്നുപേർ വിധവകളും രോഗികളുമാണ്. ഇപ്പോൾ കഴിയുന്ന പട്ടയം അനുവദിച്ച 14 സെൻറ് ഭൂമിയാണ് സ്വന്തമായുള്ളതെന്ന് പറയാനുള്ളത്. മകൾ കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുഛമായ വരുമാനമാണ് കുടുംബത്തിെൻറ ആശ്രയം. പത്ത് സെൻറിനും, 25 സെൻറിനും ഇടയിൽ ലഭിക്കുന്ന സ്ഥലത്തിന്, സ്ഥലവിലയുടെ പത്ത് ശതമാനം അടക്കണമെന്ന നിയമമാണ് ഇവർക്ക് വിനയായത്. കടംവാങ്ങിയോ, വായ്പയെടുത്തോ തുകയടക്കാമെന്ന് കരുതിയാൽ ഭൂമി കൈമാറ്റത്തിന് അധികാരമില്ല. പന്ത്രണ്ട് വർഷത്തിന് ശേഷമേ ഇതിന് കഴിയൂ. പണമൊടുക്കാനായില്ലെങ്കിൽ അഞ്ച് സെൻറ് എടുത്ത് ബാക്കിയുള്ളത് സർക്കാറിലേക്ക് തിരിച്ചു നൽകുക മാത്രമാണ് പോംവഴിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പട്ടയമേള കബളിപ്പിക്കലാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 6,182 പട്ടയമാണ് മേളയില്‍ വിതരണം ചെയ്യുന്നതിൽ 5900ത്തോളം പട്ടയങ്ങൾ പാട്ടാവകാശങ്ങൾ ജന്മാവകാശമാക്കി കൊടുക്കുന്ന ക്രയ സർട്ടിഫിക്കറ്റുകളാണെന്നും, തൃശൂർ, തലപ്പിള്ളി താലൂക്കുകളിലായി 72 വനഭൂമി പട്ടയം മാത്രമാണ് നൽകുന്നത്. ബാക്കി അപേക്ഷകർക്ക് പട്ടയം നൽകുന്നില്ലെന്നുമായിരുന്നു കോൺഗ്രസ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.