പെരിങ്ങല്‍ക്കുത്ത് ഡാം 40 അടി തുറന്നു; അതിരപ്പിള്ളി വെള്ളച്ചാട്ടം വന്യഭംഗിയില്‍

അതിരപ്പിള്ളി: വൃഷ്ടിപ്രദേശത്ത് പെയ്ത് കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ വാഴച്ചാല്‍, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങള്‍ക്ക് വന്യഭംഗി സമ്മാനിച്ചുകൊണ്ട് പെരിങ്ങല്‍ക്കുത്ത് ഡാമി​െൻറ ഷട്ടറുകള്‍ 40 അടിയോളം തുറന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് രണ്ട്, മൂന്ന്, നാല്, ആറ് എന്നീ ഷട്ടറുകള്‍ 10 അടിയോളം തുറന്നുവിട്ടത്. ഈ സീസണില്‍ ആദ്യമാണ് ഡാം ഇത്ര തുറക്കുന്നത്. കൂടാതെ ഡാമി​െൻറ സ്ലൂയിസ് വാല്‍വ് രാവിലെ ഏഴിന് തുറന്നു. എട്ടിന് ഇത് 28 അടിയായി താഴ്ത്തി. വൈകീട്ടായപ്പോഴേക്കും രണ്ട്, മൂന്ന് ഷട്ടറുകള്‍ അടച്ചു. നാല്, ആറ് ഷട്ടറുകള്‍ നാല് അടി വീതമാണ് തുറന്നുവിട്ടത്. ഡാം തുറന്നു വിട്ടതോടെ പുഴയിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നത് വെള്ളച്ചാട്ടത്തിന് കരുത്ത് പകർന്നു സ്ലൂയീസ് വാല്‍വ് തുറന്നതിനാല്‍ വെള്ളം കലങ്ങിമറിഞ്ഞാണ് ഒഴുകുന്നത്. കുറച്ചു ദിവസമായി വെള്ളം കൂടുതല്‍ തുറന്നുവിടുന്നതിനാല്‍ അപകടസാധ്യത മുൻനിർത്തി വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. വാഴച്ചാല്‍, അതിരപ്പിള്ളി, തുമ്പൂര്‍മുഴി തുടങ്ങിയ സ്ഥലങ്ങളില്‍ പുഴയിലേക്ക് ഇറങ്ങാന്‍ ആരെയും അനുവദിക്കുന്നില്ല. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴേക്കും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. സാധാരണ മഴ ആരംഭിക്കുന്നതോടെ ജൂണിൽതന്നെ പെരിങ്ങല്‍ക്കുത്ത് പല തവണ തുറന്ന് വിടാറുണ്ട്. വേനല്‍മഴ പെയ്തതിനാല്‍ ഇത്തവണ ജലക്ഷാമം കുറവായിരുന്നു.മേയ് ആദ്യത്തില്‍ പെരിങ്ങലില്‍ സ്ലൂയീസ് വാല്‍വ് തുറന്നുവിട്ട് ജലം ഒഴിവാക്കി പണികള്‍ നടത്തിയിരുന്നു. പണികള്‍ അവസാനത്തെ ആഴ്ചവരെ നടന്നിരുന്നു. 424 മീറ്ററാണ് പെരിങ്ങല്‍ക്കുത്തി​െൻറ ആകെ സംഭരണശേഷി. കനത്ത മഴ പെയ്തതിനാല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ജലനിരപ്പ് ഉയരുകയായിരുന്നു. അതിനാല്‍ ഡാം നേരത്തെ തന്നെ തുറന്നുവിട്ടു. അതേസമയം വെള്ളം കുറവായതിനാല്‍ ചാലക്കുടിപ്പുഴയിലെ വലിയ ഡാമായ ഷോളയാര്‍ ഇതുവരെ തുറന്നിട്ടില്ല. ഉടൻ തുറന്നുവിടാനുള്ള സാധ്യതയുമില്ല. ചിത്രം: പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നതിനെ തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.