ചാലക്കുടി നഗരസഭ കൗൺസിൽ വാര്‍ഡ് സഭ ചേര്‍ന്നത് റോഡിലോ ഹാളിലോ‍?- തര്‍ക്കത്തിൽ ഭരണപ്രതിപക്ഷം

ചാലക്കുടി: കഴിഞ്ഞ ഞായറാഴ്ച ചാലക്കുടി 30ാം വാര്‍ഡിലെ വാര്‍ഡ് സഭ കൂടിയത് റോഡിലോ ഹാളിലോ എന്നത് സംബന്ധിച്ച് നഗരസഭ യോഗത്തില്‍ ബഹളം. വാര്‍ഡ് സഭ യോഗം ചേര്‍ന്നത് നടുറോഡിലാണെന്ന് യു.ഡി.എഫ് അംഗങ്ങളും റസ്റ്റ് ഹൗസിലാണെന്ന് ഭരണപക്ഷമായ എല്‍.ഡി.എഫ് അംഗങ്ങളും വാദിച്ചു. ഇത് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ചില പത്രങ്ങളില്‍വന്ന വൈരുദ്ധ്യം നിറഞ്ഞ വാര്‍ത്തകള്‍ക്ക് വ്യക്തത വരുത്തണമെന്ന് എല്‍.ഡി.എഫ് അംഗമായ വി.ജെ. ജോജിയാണ് കൗൺസിലിൽ ആവശ്യപ്പെട്ടത്. വാര്‍ഡ് 30ലെ പ്രതിനിധി യു.ഡി.എഫ് അംഗമായ ബിജു ചിറയത്തി​െൻറ അധ്യക്ഷതയിലാണ് വാര്‍ഡ് സഭ ചേര്‍ന്നത്. ചെയര്‍മാന്‍ ജയന്തി പ്രവീണ്‍കുമാറും വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പിലും അവസാനഘട്ടത്തില്‍ ഈ വാര്‍ഡ് സഭയില്‍ പങ്കെടുത്തിരുന്നു. റസ്റ്റ് ഹൗസിലാണ് വാര്‍ഡ് സഭ ചേര്‍ന്നതെന്ന് ഇരുവരും അവകാശപ്പെട്ടു. നഗരസഭ ഫണ്ട് അപര്യാപ്തതമൂലം വാര്‍ഡിലെ റോഡ് നന്നാക്കുന്നത് വാര്‍ഡംഗത്തി​െൻറ സമ്മതത്തോടെ നീട്ടിെവച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തകര്‍ന്ന റോഡിലാണ് വാര്‍ഡ് സഭ ചേരുകയായിരുന്നുവെന്നാണ് ബിജു ചിറയത്ത് അവകാശപ്പെട്ടത്. ഇതോടെ വാര്‍ഡംഗം പറഞ്ഞത് ശരിയല്ലെന്നും വാര്‍ഡ്സഭ ക്വോറം തികയാത്തതിനാല്‍ ഏതാനും പേര്‍ ചേര്‍ന്ന് റോഡി​െൻറ ശോച്യാവസ്ഥ പരിശോധിക്കാന്‍ റോഡിലേക്ക് പോവുകയായിരുന്നുവെന്നും ഭരണപക്ഷം അവകാശപ്പെട്ടു. വാര്‍ഡില്‍ റോഡ് അറ്റകുറ്റപ്പണി 10 ലക്ഷം രൂപക്ക് നടത്താനും നേരത്തെ തീരുമാനിച്ച 20 ലക്ഷത്തി​െൻറ പണികള്‍ ഫണ്ട് കിട്ടുന്ന മുറക്ക് പിന്നീട് ചെയ്യാമെന്നും ചെയര്‍പേഴ്‌സന്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ വി.ആര്‍.പുരം, ഉറുമ്പന്‍കുന്ന്, അസീസി നഗര്‍, പോട്ട തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള വിതരണം മുടങ്ങിയതില്‍ നടപടിയെടുക്കണമെന്ന് ഷിബു വാലപ്പന്‍ ആവശ്യപ്പെട്ടു. പുതിയ മോട്ടോര്‍ സ്ഥാപിക്കാനും വാഹനങ്ങളില്‍ ജലവിതരണം നടത്താനും അടിയന്തര നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്‌സന്‍ അറിയിച്ചു. നഗരസഭയുടെ ബസ് സ്്റ്റാൻഡിലെ കംഫര്‍ട്ട് സ്്റ്റേഷന്‍ തുറന്നുകൊടുക്കാന്‍ തീരുമാനമെടുത്തു. പി.എം. ശ്രീധരന്‍, വി.ഒ. പൈലപ്പന്‍, ബിജി സദാനന്ദന്‍, ഉഷ പരമേശ്വരന്‍, കെ.വി. പോള്‍, ആലീസ് ഷിബു എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.