ലോകകപ്പിെൻറ ആവേശത്തിലാണ് നാടും മനസ്സുകളുമെല്ലാം. ആളുകളും ആൾക്കൂട്ടങ്ങളുമെല്ലാം രാജ്യങ്ങളായും, താരങ്ങളായും മാറിയിരിക്കുന്നു. പോര് തുടങ്ങിക്കഴിഞ്ഞു. വെല്ലുവിളികളും മറുപടികളും...നാടെങ്ങും ജഴ്സികൾ, കൂറ്റൻ ഫ്ലക്സുകൾ, കട്ടൗട്ടുകൾ...വഴിയോരം മുഴുവൻ ലോകകപ്പിെൻറ ആവേശ ലഹരി. ജനകീയ കായിക വിനോദമായ ഫുട്ബാൾ കളി ഒരു സാമൂഹിക-സാംസ്കാരിക വേദിയാണ്. ഇവിടെ ജാതിമതഭേദങ്ങളില്ല, കക്ഷി രാഷ്ട്രീയങ്ങളില്ല, നിറഭേദങ്ങളില്ല, വലിപ്പച്ചെറുപ്പങ്ങളില്ല എല്ലാവരും ഒന്നായി ഒത്തുകൂടുന്ന ഒരിടമാണ് ഫുട്ബാൾ മൈതാനം. അവിടെ ആഹ്ലാദം അലയടിക്കുന്നു, ആവേശം തിരതല്ലുന്നു. മറ്റൊന്നും കാണില്ല, ഒന്നും അറിയില്ല, വിശപ്പും ഉറക്കവുമൊന്നും...അത്രമേൽ ആഹ്ലാദ മഹോത്സവമാണ് ലോകകപ്പ്. ലോകകപ്പിലേക്ക് കണ്ണും കാതും പായിക്കുമ്പോൾ ആഘോഷങ്ങൾ നമ്മുടെ മുറ്റത്തുമുണ്ടായിരുന്നുവെന്നത് ഓർത്തുപോവുന്നു. തിരുവനന്തപുരത്തെ ജി.വി രാജ ട്രോഫി, കൊല്ലത്തെ കൗമുദി ട്രോഫി, കോട്ടയത്തെ മാമ്മൻ മാപ്പിള ട്രോഫി, കൊച്ചിയിലെ നെഹ്റു ട്രോഫി, തൃശൂരിലെ ചാക്കോള ട്രോഫി, കോഴിക്കോട്ടെ സേഠ്നാഗ്ജി ട്രോഫി, കണ്ണൂരിലെ ശ്രീനാരായണ ട്രോഫി തുടങ്ങി 1970 കളുടെ അവസാനംവരെ കേരളത്തിൽ ദേശീയതലത്തിൽ അറിയപ്പെടുന്ന നിരവധി ടൂർണമെൻറുകൾ ഉണ്ടായിരുന്നു. ലോകമറിഞ്ഞ, ലോകത്തിന് സംഭാവന നൽകിയ കളിക്കാരുണ്ടായിരുന്നു... കായിക ലോകം കാതുകൂർപ്പിച്ച മേളകളായിരുന്നു ഇവയോരോന്നും. ഒന്നൊന്നായി പതുക്കെ നിലച്ചു. അനന്തപുരി മുതൽ തിറനാട് വരെ ഏഴ് ഫുട്ബാൾ ടൂർണമെൻറുകൾ നിലച്ചു പോയപ്പോൾ, നമുക്കു സംഭവിച്ചതു കേരളത്തിൽ ഏഴു മതനിരപേക്ഷ ഉത്സവങ്ങൾ നിലച്ചുപോയ ദുരന്തമാണ്. വീണ്ടും ഈ മതനിരപേക്ഷ ഉത്സവങ്ങൾ പുനരാരംഭിക്കാൻ ഉത്തേജനം നൽകുന്നുണ്ട് ഓരോ ലോകകപ്പ് ആരവങ്ങളും ആവേശങ്ങളും. പാടത്തെ ചളിമണ്ണിൽ നിന്നും രാജ്യാന്തര നിലവാരമുള്ള പുൽമൈതാനങ്ങളിലേക്ക് ഇടം നേടേണ്ട താരങ്ങളുണ്ട്. ജീവിത സൂചിക ഇവരെ പിറകോട്ട് വലിക്കുന്നു. ഐ.എസ്.എൽ ഉൾപ്പെടെയുള്ളവ ഈ മേഖലക്ക് പ്രതീക്ഷ നൽകുന്നതാണ്. എങ്കിലും, ഫുട്ബാൾ കളിയെ സ്പോർട്സ് എന്നതിനൊപ്പം സാംസ്കാരികോത്സവമായി കണക്കാക്കി സർക്കാർ സഹായം നൽകിയാൽ നിലച്ചുപോയ മഹോത്സവങ്ങളെ വീണ്ടെടുക്കാനാവുമെന്ന് മേഖലയിലുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.