ഇന്ത്യ പഴയ ഇന്ത്യയല്ല....

തൃശൂർ: നഗ്നപാദരായി മൈതാനത്തിറങ്ങാൻ അനുവാദം കിട്ടിയിരുന്നെങ്കിൽ ഇന്ന് ലോക ഫുട്ബാളിൽ ഇന്ത്യയുടെ സ്ഥാനം എവിടെ ആയിരുന്നേനെ..., 1950ൽ ലോകകപ്പ് ഫുട്ബാളിലെ ഇന്ത്യയുടെ സാന്നിധ്യം ബൂട്ടിൽ തട്ടി മടങ്ങിയത് ചരിത്രമാണ്. ബൂട്ടില്ലാതെ മൈതാനത്തിറങ്ങാൻ ഫിഫ അനുവദിക്കാത്തതാണ് ഇന്ത്യ വർഷങ്ങൾക്കിപ്പുറവും ലോകകപ്പി​െൻറ ആവേശാരവത്തിൽ മാത്രം നിൽക്കുന്നത്. 87 വർഷത്തെ ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ അണ്ടർ-17 ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിച്ച് കഴിഞ്ഞ വർഷം ഇന്ത്യ പന്തു തട്ടാനിറങ്ങിയിരുന്നു. 2022 ലോകകപ്പിന് ഇന്ത്യൻ സീനിയർ ടീം യോഗ്യത നേടുമെന്ന വിശ്വാസത്തിലേക്ക് ആരാധകരുടെ പ്രതീക്ഷകളുമുദിച്ചിട്ടുണ്ട്. ഐ.എസ്.എല്ലി​െൻറ കടന്നുവരവും യുവാക്കൾ കൂടുതലായി മുന്നോട്ടു വരുന്നതും ഇന്ത്യൻ ഫുട്ബാളി​െൻറ പ്രതീക്ഷ വർധിപ്പിക്കുന്നു. നിലവിലെ ഇന്ത്യൻ ടീം ആരോടും പൊരുതാൻ കെൽപ്പുള്ളവരായി മാറിയിട്ടുണ്ട്. ഏഷ്യ കപ്പ് യോഗ്യത നേടിയ ടീം തുടർച്ചയായി 13 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് കുതിച്ചത്. കഴിഞ്ഞ ദിവസം ആഫ്രിക്കൻ കരുത്തരായ കെനിയയെ നിലംപരിശാക്കി ഇൻറർ കോണ്ടിനൻറൽ കപ്പിൽ ഇന്ത്യ മുത്തമിട്ടു. ഗോളടിക്കാനറിയില്ലെന്ന പെരുദോഷമെല്ലാം ടീം മാറ്റികൊണ്ടിരിക്കുകയാണ്. എങ്ങനെയൊക്കെ ഗോളടിക്കാമെന്ന് നായകൻ സുനിൽ ഛേത്രി ലോകത്തിനു കാട്ടികൊടുക്കുകയാണ്. ഇൻറർകോണ്ടിന​െൻറൽ കപ്പിലെ ഫൈനൽ മത്സരത്തിനെത്തിയ കാണികൾ തന്നെ ഫുട്ബാളിനെ ഇന്ത്യ എത്രമാത്രം സ്നേഹിക്കുന്നുവെന്നതി​െൻറ തെളിവാണ്. കരുത്തരായ രാജ്യങ്ങൾക്കെതിരെ ഉശിരോടെ പൊരുതാൻ കഴിയുന്ന ടീമായി ഇന്ത്യൻ ഫുട്ബാൾ ടീം മാറിയിട്ടുണ്ട്. ലോകകപ്പ് മത്സരാവേശത്തിൽ വ്യത്യസ്ത ടീമുകളെ സപ്പോർട്ട് ചെയ്യുന്ന കളിപ്രേമികൾക്ക് വൈകാതെ സ്വന്തം രാജ്യത്തിനായി ആർപ്പു വിളിക്കാനാവുമെന്നതാണ് ഇന്ത്യൻ ടീമി​െൻറ പ്രകടനം കാട്ടിത്തരുന്നത്. ശക്തരായ ഇത്തരം എതിരാളികൾക്കെതിരെ ഏകപക്ഷീയമായി നേടുന്ന വിജയമാണ് പ്രതീക്ഷകൾ വർധിപ്പിക്കുന്നത്. കാത്തിരിക്കാം... ലോകകപ്പ് ഫുട്ബാളി​െൻറ കളിമൈതാനത്ത് ഇന്ത്യൻ താരങ്ങൾ പന്ത് തട്ടുന്ന അവിസ്മരണീയ നിമിഷത്തിനായി....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.