സ്​കൂൾ വിദ്യാർഥികളുടെ സുരക്ഷ: നിർദേശങ്ങൾ സർക്കുലറിൽ ഉറങ്ങുന്നു

തൃശൂർ: സ്കൂൾ വിദ്യാർഥികളുടെ സുരക്ഷക്കായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന പൊലീസ് മേധാവിയും പുറപ്പെടുവിച്ച നിർദേശങ്ങൾ സർക്കുലറിൽ ഒതുങ്ങി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ മാര്‍ഗനിർദേശങ്ങള്‍ എല്ലാ സ്‌കൂളുകളിലും ഓഫിസുകളിലും നടപ്പാക്കിയിട്ടുണ്ടെന്ന് ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവര്‍ ഉറപ്പുവരുത്തി റിപ്പോർട്ട് നൽകണമെന്നായിരുന്നു ഡി.പി.ഐയുടെ സർക്കുലർ. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്നും അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം എസ്.എച്ച്.ഒമാർ വിളിച്ചുചേർക്കണമെന്നുമാണ് ഡി.ജി.പി നിർദേശിച്ചത്. ഇതൊന്നും ഫലപ്രദമായി നടന്നില്ല. സ്‌കൂള്‍ പരിസരത്തെ വെള്ളക്കെട്ട്, കുളം, കിണർ എന്നിവ അപകടരഹിതമാണെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്കായി ഒരുക്കിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക, വേണ്ട പരിചയം ഇല്ലാത്തവരും അംഗവൈകല്യം ഉള്ളവരും ഡ്രൈവറോ ക്ലീനറോ ആയി ജോലി ചെയ്യുന്നില്ലെന്ന് പ്രധാനാധ്യാപകരും വിദ്യാഭ്യാസ ഓഫിസര്‍മാരും ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഡയറക്ടർ നൽകിയത്. കൂടാതെ ജീര്‍ണാവസ്ഥയിലുള്ളതോ നിർമാണം പൂര്‍ത്തിയാകാതെ നിര്‍ത്തിെവച്ചതോ ആയ കെട്ടിടങ്ങളുള്ള ഇടങ്ങളില്‍ എന്‍ജിനീയറിങ് വിഭാഗത്തി​െൻറ അനുമതി അടിയന്തരമായി വാങ്ങിയ തുടര്‍നടപടി എടുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ സ്കൂൾ നവീകരണം പലയിടത്തും നടന്നിട്ടില്ലെന്ന് അധ്യാപകർതന്നെ പറയുന്നു. കേന്ദ്ര സര്‍ക്കാറി​െൻറ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, ഗുരുവായൂർ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലെ വിദ്യാലയങ്ങളിൽ ദുരന്തനിവാരണം എന്ന വിഷയത്തെ അധികരിച്ച് മോക് ഡ്രില്ലുകളും പ്രദര്‍ശനങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ല ഭരണകൂടവുമായി ആലോചിച്ച് നടത്താൻ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഡയറക്ടർ സർക്കുലറിൽ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം ആലോചനകൾക്ക് സമയം ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മറുപടി. സ്കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വർധിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വിശദമായി ചർച്ച ചെയ്യാൻ മേയ് 31നകം സബ് ഡിവിഷൻ തലങ്ങളിൽ സ്കൂൾ അധികൃതർ, പി.ടി.എ, ഡി.ഇ.ഒമാരുടെയും യോഗം വിളിക്കണമെന്നും ഡി.ജി.പി നിർദേശിച്ചിരുന്നുവെങ്കിലും യോഗങ്ങൾ പേരിൽ ഒതുങ്ങി. പൊലീസി​െൻറ വാഹന പരിശോധനയും സ്കൂൾ പരിസരത്തെ നിരീക്ഷണവും കാര്യക്ഷമമായില്ലെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.